Saturday, December 5, 2009

ലത്തീന്‍ കത്തോലിക്കാ സമുദായദിനം ഞായറാഴ്ച

കേരള ലത്തീന്‍ കത്തോലിക്കാസഭയുടെ അപെക്സ്‌ കൗണ്‍സിലായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ ഞായറാഴ്ച ലത്തീന്‍ കത്തോലിക്കാ സമുദായദിനമായി ആചരിക്കും. കേരളത്തിലെ 11 രൂപതകളില്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ജനപങ്കാളിത്തത്തിലൂടെ രാഷ്ട്രീയനീതി എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന്‌ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ അറിയിച്ചു. സഭയിലെ അല്‍മായ പ്രസ്ഥാനങ്ങളായ കെഎല്‍സിഎ, സിഎസ്‌എസ്‌, ഡിസിഎംഎസ്‌, കെസിവൈഎം തുടങ്ങിയ സംഘടനകളും സംയുക്തമായാണ്‌ ദിനാചരണം നടക്കുന്നത്‌.തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടക്കുന്ന സമുദായദിന കണ്‍വന്‍ഷനില്‍ കെആര്‍എല്‍സിസി പ്രസിഡന്റ്‌ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം.സൂസപാക്യം അധ്യക്ഷനായിരിക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്‌ റാഫേല്‍ ആന്റണി, ചാള്‍സ്‌ ഡയസ്‌ എം.പി., ജോര്‍ജ്‌ മേഴ്സിയര്‍ എംഎല്‍എ, പുല്ലുവിള സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിക്കും. കൊച്ചിയില്‍ തോപ്പുംപടി കാത്തലിക്‌ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ജോസി കണ്ടനാട്ടുതറ, പ്ലാസിഡ്‌ ഗ്രിഗറി, അഡ്വ. ജോസി സേവ്യര്‍, റോഷര്‍ നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.കണ്ണൂരില്‍ നടക്കുന്ന സമ്മേളനം കണ്ണൂര്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ, ആന്റണി നെറോണ, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ പ്രസംഗിക്കും. ലത്തീന്‍ സമുദായദിനാചരണത്തിന്റെ ഭാഗമായി ലാറ്റിന്‍ ബിഷ്പ്സ്‌ കൗണ്‍സിലിന്‌ വേണ്ടി ആര്‍ച്ച്ബിഷപ്‌ സൂസപാക്യം പ്രത്യേക ഇടയലേഖനം പ്രസിദ്ധീ കരിച്ചിട്ടുണ്ട്‌.