Monday, December 7, 2009

ഐക്യത്തിന്റെ സഭാത്മകദൗത്യം പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍വഹിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ഐക്യത്തിന്റെ സഭാത്മക ദൗത്യമാണ്‌ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുള്ളതെന്നു പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. ചങ്ങനാശേരി അതിരൂപത 12-ാ‍മത്‌ പാസ്റ്ററല്‍ കൗണ്‍സില്‍ അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. ഈശോയെക്കൂടാതെ സഭയ്ക്ക്‌ ജീവനും നിലനില്‍പ്പുമില്ല. സഭയുടെ സത്യത്തിന്റെയും നിഷ്കളങ്കതയുടെയും തിളക്കമാര്‍ന്ന മുഖം ലോകത്തിനു പ്രകാശം പകരണം. വിശുദ്ധ പൗലോസിന്റെ വിശ്വാസ തീഷ്ണതയിലൂടെ ഈശോയുടെ വ്യക്തിത്വം കണെ്ടത്താന്‍ സഭാംഗങ്ങള്‍ക്കു കഴിയണം - മാര്‍ കല്ലറങ്ങാട്ട്‌ കൂട്ടിച്ചേര്‍ത്തു. മിശിഹായെ അന്വേഷിച്ചുള്ള യാത്രയാണ്‌ പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍വഹിക്കുന്നത്‌. ഓരോ വിശ്വാസിയെക്കുറിച്ചും പാസ്റ്ററല്‍ കൗണ്‍സിലിനു ശ്രദ്ധയുണ്ടാകണം. വിശ്വാസത്തില്‍ കുറവ്‌ സംഭവിച്ചവരെ കണ്ടെത്തി സഭാഗാത്രത്തോടു യോജിപ്പിച്ചു നിര്‍ത്താനുള്ള ദൗത്യവും പാസ്റ്ററല്‍ കൗണ്‍സിലിനുണ്ട്‌. പാസ്റ്ററല്‍ കൗണ്‍സിലുകള്‍ ജനങ്ങളോടും പ്രായോഗിക ജീവിതവുമായും ബന്ധപ്പെട്ട്‌ നില്‍ക്കുന്നതിനാല്‍ ഒന്നിച്ചു ചിന്തിച്ചു തീരുമാനമെടുത്ത്‌ നീങ്ങുന്ന സമിതിയാണെന്നും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വ്യക്തമാക്കി. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യസന്ദേശം നല്‍കി. സഭ കൗദാശിക കൂട്ടായ്മയായതിനാല്‍ ദൈവഹിതം നിറവേറ്റാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്‌. അല്‍മായരുടെ അനുഭവജ്ഞാനവും വൈദികരുടെ സഭാത്മക ദര്‍ശനങ്ങളും ഒത്തുചേരുന്നതിനാല്‍ പാസ്റ്ററല്‍ കൗണ്‍സിലിന്‌ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ഭീകരവാദവും വര്‍ഗീയവാദവും വളരുന്ന ഈ കാലഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പാസ്റ്ററല്‍ കൗണ്‍സിലുകള്‍ക്കു കഴിയണമെന്നും മാര്‍ പവ്വത്തില്‍ വ്യക്തമാക്കി. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപത ശതോത്തര രജതജൂബിലി ആഘോഷിക്കുമ്പോള്‍ അതിരൂപതാംഗങ്ങള്‍ ഇല്ലാത്തവനുകൂടി പങ്കുവയ്ക്കാന്‍ തയാറാകണമെന്ന്‌ മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. പങ്കുവയ്ക്കലിന്റെ മനോഭാവത്തിലൂടെ വീടില്ലാത്തവര്‍ക്ക്‌ വീടും പാവപ്പെട്ടവര്‍ക്ക്‌ മറ്റു സഹായങ്ങളും നല്‍കാന്‍ കഴിയണം. ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കി ഈ ചെലവുകള്‍ ഇല്ലാത്തവനുവേണ്ടി പങ്കുവയ്ക്കണം. സമൂഹത്തെ മദ്യപാനത്തില്‍നിന്നും ലഹരിയുടെ വിപത്തുകളില്‍നിന്നും മോചിപ്പിക്കാനും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.രാവിലെ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ മാര്‍ഗനിര്‍ദേശക ക്ലാസ്‌ നയിച്ചു. ഈശോയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ പങ്കുചേരാന്‍ സഭാംഗങ്ങള്‍ വിളിക്കപ്പെട്ടവരാണെന്ന്‌ അദ്ദേഹം പറഞ്ഞു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ്‌ നടുവിലേഴം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശേരി, അസിസ്റ്റന്റ്‌ സെക്രട്ടറി പ്രഫ. രാജന്‍ കെ.അമ്പൂരി എന്നിവര്‍ പ്രസംഗിച്ചു.ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍, ബ്രിഗേഡിയര്‍ ഒ.എ ജയിംസ്‌, പ്രഫ. ജോസഫ്‌ ടിറ്റോ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.