Tuesday, December 15, 2009

ക്രൈസ്തവ വിശ്വാസികള്‍ നന്മയുടെ സമൂഹമായി മാറണം: മാര്‍ എടയന്ത്രത്ത്‌

ക്രൈസ്തവ വിശ്വാസികള്‍ നന്മയുടെ സമൂഹമായി മാറണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ ആഹ്വാനം ചെയ്തു. കവരപ്പറമ്പ്‌ ലിറ്റില്‍ ഫ്ലവര്‍ ഇടവകയില്‍ ഇടയസന്ദര്‍ശനത്തിനെത്തി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. പരസ്പരം അറിയുന്നതും സ്നേഹിക്കുന്നതുമാണ്‌ ക്രിസ്തീയതയെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ഇടവകയിലെത്തിയ ബിഷപ്പിനെ വികാരി ഫാ.ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ താളമേളങ്ങളുടെ അകമ്പടിയോടെ ഇടവക സമൂഹം സ്വീകരിച്ചു. തുടര്‍ന്ന്‌ ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, വിവിധ ഭക്തസംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച എന്നിവ നടന്നു. ഇടവകയില്‍ രോഗികളായി കിടക്കുന്നവരുടെ മുപ്പത്തഞ്ചോളം വീടുകളിലും ബിഷപ്പ്‌ സന്ദര്‍ശനം നടത്തി. ഇടയ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി പരിസ്ഥിതി സംരക്ഷണം ഇടവകയില്‍ എന്ന മുദ്രാവാക്യവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചതായി വികാരി ഫാ.ജോണ്‍ പുതുവ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം പള്ളിയങ്കണത്തില്‍ വൃക്ഷത്തൈ നട്ട്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നിര്‍വഹിച്ചു. ജയിംസ്‌ വലിയമലയില്‍, ചെറിയാച്ചന്‍ മേനാച്ചേരി, പി.പി.ആന്റു, ജോണ്‍സണ്‍ പടയാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.