ഓരോ വൈദിക കൂട്ടായ്മയും നവപന്തക്കുസ്തയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അജപാലന വിലയിരുത്തലിനുള്ള അവസരമാണ് വൈദിക സമ്മേളനമെന്നും ബിഷപ് പറഞ്ഞു. പാലാ രൂപതയിലെ ഇടവക-സന്യാസവൈദികരുടെ സംയുക്ത സമ്മേളനത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. വൈദികര്‍ ദൈവവിളിയുടെ മനോഹാരിതയും മഹത്വവും മനസിലാക്കണം. പൗരോഹിത്യം അനിര്‍വചനീയമായ അനുഗ്രഹവും ആത്മീയമായ നിയോഗവുമാണ്. ആറ്റുതീരത്തെ വൃക്ഷംപോലെ ഫലം ചൂടുന്നതാവണം പൗരോഹിത്യ ജീവിതമെന്നും ബിഷപ് പറഞ്ഞു. സന്യാസവൈദികര്‍ നല്‍കുന്ന ശുശ്രൂഷകളെ മാര്‍ കല്ലറങ്ങാട്ട് പ്രത്യേകം അനുസ്മരിച്ചു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സംബന്ധിച്ചു. വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായി അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ റവ. ഡോ. സില്‍വെസ്റ്റര്‍ തേക്കുങ്കല്‍ സിഎംഐ ‘വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെ അജപാലനശുശ്രൂഷാദര്‍ശനം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മോണ്‍. ജോര്‍ജ് ചൂരക്കാട്ട് പാസ്റ്ററല്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഇടവക ശുശ്രൂഷയെ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോസഫ് പാമ്പാറ, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ ചെഞ്ചേരില്‍, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. ജോസ് വെട്ടികാട്ട് ഒഎഫ്‌എം എന്നിവര്‍ തങ്ങളുടെ അജപാലനശുശ്രൂഷാരംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഫാ. അലക്സ് കോഴിക്കോട്ട് പ്രാര്‍ഥനാശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് വൈദികസംഘടനയായ എഡിസിപിയുടെ പൊതുയോഗം നടന്നു.