Tuesday, January 12, 2010

മാര്‍ക്സിസവും ദൈവവിശ്വാസവും ഒന്നിച്ചുപോകില്ല: എകെസിസി

മാര്‍ക്സിസവും ദൈവവിശ്വാസവും ഒന്നിച്ചുപോകില്ലെന്നതിന്റെ അവസാന തെളിവാണ്‌ മുന്‍ എംപി കെ.എസ്‌ മനോജിന്റെ വെളിപ്പെടുത്തലെന്ന്‌ എകെസിസി പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ കാള്‍ മാര്‍ക്സിന്റെ കാലഘട്ടത്തില്‍നിന്ന്‌ ഒട്ടും മുന്നോട്ടു പോകാന്‍ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണമാണ്‌ തെറ്റുതിരുത്തല്‍ രേഖ. നേതാക്കള്‍ക്കു പാടില്ലാത്ത ദൈവവിശ്വാസം അണികള്‍ക്കാകാം എന്ന നിലപാട്‌ വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ടു വോട്ട്‌ തട്ടിയെടുക്കാനുള്ള അടവുനയം മാത്രമാണ്‌. ഒരു വശത്ത്‌ നിരീശ്വരത്വവും മറുവശത്ത്‌ കപട വിശ്വാസവുമായി ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും സമുദായസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വരികയോ ശക്തി പ്രാപിക്കുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിലെല്ലാം ആദ്യ യുദ്ധം മതവും ദൈവവുമായിട്ടായിരുന്നുവെന്നതു ചരിത്രം നല്‍കുന്ന പാഠമാണ്‌. യഥാര്‍ഥ വിശ്വാസത്തിന്റെ പേരില്‍ ആത്മസംഘര്‍ഷം അനുഭവിക്കുന്ന പ്രവര്‍ത്തകര്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച്‌ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും പുറത്തുവരാന്‍ തയാറാകണം. പുരോഗമനത്തിന്റെയും അക്ഷരസ്നേഹത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നവര്‍ സാംസ്കാരികനായകര്‍ക്കു നേരേ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സാജു അലക്സ്‌, ജോയി മുത്തോലി, ബെന്നി പാലക്കത്തടം എന്നിവര്‍ പ്രസംഗിച്ചു.