അഞ്ചുദിവസം നീളുന്ന ഇരുപത്തൊന്നാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന് ഇന്നു തുടക്കമാവും. രാവിലെ പത്തിന് കോട്ടപ്പുറം ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫാ.ജോണ്‍ കണിച്ചേരി നയിക്കുന്ന കണ്‍വന്‍ഷനില്‍ ഫാ.മാത്യു നായ്ക്കംപറമ്പില്‍, ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ.മാത്യു ഇലവുങ്കല്‍ തുടങ്ങിയവരും പ്രശസ്ത വചനപ്രഘോഷകരും പങ്കെടുക്കും. ദിവസേന രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകീട്ട് അഞ്ചിന് സമാപിക്കും. ഫാ.മാത്യു തടത്തില്‍ ചെയര്‍മാനും ഫാ.ബിജു കൂനന്‍ ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനെത്തുന്ന പതിനായിരങ്ങള്‍ക്കുവേണ്ടി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് കണ്‍വന്‍ഷനായി തയാറാക്കിയിട്ടുള്ളത്. രോഗികള്‍ക്ക് കിടന്ന് വചനം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പന്തലിന്റെ വിവിധ ഭാഗങ്ങളിലായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഉച്ചയ്ക്ക് ലഘുഭക്ഷണം സൗജന്യമായി നല്‍കും. എല്ലാ ബസുകള്‍ക്കും പോട്ട ആശ്രമം സ്റ്റോപ്പായി അനുവദിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിര്‍ത്താത്ത ട്രെയിനുകള്‍ക്കു കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.