Wednesday, January 13, 2010

അസംഘടിത തൊഴിലാളികള്‍ക്ക്‌ സുരക്ഷാ പദ്ധതിയുമായി കത്തോലിക്കാസഭ

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെയടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന വചനം കത്തോലിക്കാ സഭ അന്വര്‍ഥമാക്കുകയാണ്‌. സംസ്ഥാനത്ത്‌ 90 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക്‌ അത്താണിയും ആശ്വാസവുമായിത്തീരുന്ന സുരക്ഷ എന്ന പദ്ധതിയാണ്‌ ആലംബഹീനര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും തണലായി മാറാന്‍ സഭ ഒരുക്കിയിരിക്കുന്ന പദ്ധതി.സഭാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന അള്‍ത്താര ശുശ്രൂഷികള്‍, പ്രോഗ്രാം സ്റ്റാഫ്‌, ക്ലറിക്കല്‍ സ്റ്റാഫ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടപ്പാക്കുന്ന പദ്ധതി തൊഴില്‍ മേഖലയിലുള്ള അന്യമതസ്ഥരായ അസംഘടിതര്‍ക്കു വേണ്ടിക്കൂടി നടപ്പാക്കാനാണ്‌ സഭ ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്‌. ആരോഗ്യ ഇന്‍ഷ്വറന്‍സ്‌, ഡെത്ത്‌ ബെനഫിറ്റ്‌ സ്കീം, വിരമിക്കല്‍ ബെനഫിറ്റും പെന്‍ഷനും എന്നിവയാണ്‌ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുമായും ജനറല്‍ ഇന്‍ഷ്വറന്‍സുമായും സഹകരിച്ചാണ്‌ കെസിബിസിയുടെ തൊഴിലാളി സംഘടനയായ കേരളാ ലേബര്‍ മൂവ്മെന്റ്‌ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്‌. ഇന്‍ഷ്വറന്‍സ്‌ റഗുലേറ്ററി അഥോറിറ്റി ഓഫ്‌ ഇന്ത്യ സുരക്ഷാ പദ്ധതിയിലെ ഇന്‍ഷ്വറന്‍സ്‌ നടത്തിപ്പിന്റെ പൂര്‍ണ ചുമതലയുള്ള ഏജന്‍സിയായി കെഎല്‍എമ്മിനെ നിയോഗിച്ചിട്ടുമുണ്ട്‌. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ 18 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ളവര്‍ക്കാണ്‌ അംഗമാകാന്‍ അവസരം.മാക്സിമം ക്ലയിം 30,000 രൂപയും ആക്സിഡന്റ്‌ ഡെത്ത്‌ ബെനഫിറ്റ്‌ 25,000 രൂപയുമാണ്‌. ഒരു വര്‍ഷ കാലാവധിയുള്ള പോളിസി പ്രതിവര്‍ഷം പുതുക്കണമെന്ന വ്യവസ്ഥയുമുണ്ട്‌. ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും. ഇതില്‍ കുടുംബത്തില്‍ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ വിവാഹിതരായതിനു ശേഷവും ആണ്‍കുട്ടികള്‍ 25 വയസിനു ശേഷവും പരിരക്ഷയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും. വാര്‍ഷിക പ്രീമിയമായി അടയ്ക്കേണ്ടത്‌ 450 രൂപയാണ്‌. ഡെത്ത്‌ ബെനഫിറ്റ്‌ സ്കീമില്‍ അംഗമാകുന്നതിനുള്ള യോഗ്യതയും 18 മുതല്‍ 65 വയസുവരെയാണ്‌. അസ്വാഭാവിക മരണവും അപകട മരണവും സംഭവിച്ചാല്‍ 75,000 രൂപയും നോര്‍മല്‍ ഡെത്ത്‌ ക്ലയിമായി 30,000 രൂപയും ലഭിക്കും. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാള്‍ക്ക്‌ മാത്രമായിരിക്കും ഈ പരിരക്ഷ ലഭിക്കുക. വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിരിക്കുന്നത്‌ 100 രൂപയാണ്‌. റിട്ടയര്‍ ബെനഫിറ്റ്‌-പെന്‍ഷന്‍ സ്കീമില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 18 മുതല്‍ 45 വയസു വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്‌. മിനിമം പ്രതിമാസ പെന്‍ഷന്‍ 600 രൂപയും പരമാവധി പ്രതിമാസ പെന്‍ഷന്‍ 800 രൂപയുമാണ്‌. റിട്ടയര്‍മെന്റ്‌ ബെനഫിറ്റ്‌ ആയി 16,000 രൂപയാണ്‌ ലഭിക്കുക. പരമാവധി 50,000 രൂപയാണ്‌ അഷ്വേര്‍ഡ്‌ തുക. നോമിനികള്‍ക്ക്‌ ഡെത്ത്‌ ബെനഫിറ്റ്‌ ആയി 34,000 രൂപയും പ്രതിമാസ പ്രീമിയമായി 300 രൂപയും ലഭിക്കും. 15 വര്‍ഷമാണ്‌ പോളിസി കാലാവധി. പദ്ധതിക്കായുള്ള വാര്‍ഷിക പ്രീമിയം സഭാസ്ഥാപനവും തൊഴിലാളിയും കോണ്‍ട്രിബ്യൂട്ടറി അടിസ്ഥാനത്തില്‍ തുല്യമായി പങ്കുവച്ചാണ്‌ അടയ്ക്കുന്നത്‌. അതായത്‌ ആകെ 2125 രൂപയില്‍ പകുതി സഭാസ്ഥാപനവും പകുതി തൊഴിലാളിയും വഹിക്കും.