Friday, January 15, 2010

പ്രഫ.മേനാച്ചേരിയുടെ രചനമുതല്‍ക്കൂട്ട്‌: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

സീറോമലബാര്‍ സഭാ ചരിത്രത്തെക്കുറിച്ചും സഭയുടെ വിവിധ വശങ്ങളെക്കുറിച്ചും പ്രഫ.ജോര്‍ജ്‌ മേനാച്ചേരി തയാറാക്കിയിട്ടുള്ള രചനകള്‍ സഭാചരിത്രത്തിന്‌ മുതല്‍ക്കൂട്ടാണെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ റിസര്‍ച്ച്‌ സെന്ററിന്റെ പ്രഥമ പുരസ്ക്കാരം ചരിത്രകാരനും കലാ-സാംസ്ക്കാരിക ഗവേഷകനുമായ പ്രഫ.ജോര്‍ജ്‌ മേനാച്ചേരിക്കു കാക്കനാട്‌ സെമന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.സഭയ്ക്കും സമുദായത്തിനും നല്‍കിയ സേവനങ്ങള്‍ക്ക്‌ അവാര്‍ഡിന്‌ യോഗ്യനായ അല്‍മായനാണ്‌ പ്രഫ.മേനാച്ചേരിയെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.കലയ്ക്ക്‌ വിശ്വാസം പകര്‍ന്നു കൊടുക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കാനുണ്ടെന്നും ആ നിലയ്ക്ക്‌ സീറോ മലബാര്‍ സഭയുടെ പശ്ചാത്തലത്തില്‍ കലാരംഗത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രഫ.മേനാച്ചേരിയുടെ പങ്ക്‌ മഹത്തരമാണെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം പറഞ്ഞു.തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, റവ.ഡോ.പോളി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ ഓരോ വര്‍ഷവും നല്‍കുന്നതാണ്‌ അവാര്‍ഡ്‌.സഭയുടെ പൗരസ്ത്യവും ഭാരതീയവുമായ മാനങ്ങളുടെ പോഷണാര്‍ഥം ദൈവശാസ്ത്രം, സാഹിത്യം, കല, സംസ്ക്കാരം, ചരിത്രം, ശിക്ഷണക്രമം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയവും വിലപ്പെട്ടതുമായ സേവനങ്ങള്‍ കാഴ്ചവച്ചവരെയാണ്‌ അവാര്‍ഡിനായി പരിഗണിക്കുന്നത്‌.ഇരുപത്തയ്യായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും അടങ്ങിയതാണ്‌ അവാര്‍ഡ്‌. സീറോ മലബാര്‍ സഭയിലെ 36 മെത്രാന്‍മാരും ക്ഷണിക്കപ്പെട്ട മറ്റ്‌ അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.