Friday, January 15, 2010

സഭാസ്വത്തുക്കളുടെ ഭരണത്തില്‍ സര്‍ക്കാര്‍ കൈ കടത്തരുത്‌: കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ

സഭയുടെ സ്വത്തുക്കളുടെ ഭരണത്തില്‍ കൈ കടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന്‌ ഇവിടെ ഇന്നലെ സമാപിച്ച കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമ്മേളനം മുന്നറിയിപ്പു നല്‍കി. സഭയ്ക്ക്‌ സ്വത്തുക്കള്‍ സംഭാവന നല്‍കിയവര്‍ക്ക്‌ അവ കാനോന്‍ നിയമം അനുസരിച്ച്‌ വിനിയോഗിക്കപ്പെടണം എന്നാണ്‌ ആഗ്രഹമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഭരണഘടനാ പരമായി സഭയ്ക്കുള്ള അവകാശങ്ങള്‍ക്കുനേരേ നടക്കുന്ന കൈയേറ്റ ശ്രമങ്ങളെ യോഗം അപലപിച്ചു. ഈ അവകാശങ്ങളില്‍, പ്രത്യേകിച്ച്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തില്‍ കൈകടത്താന്‍ ശ്രമിക്കരുതെന്ന്‌ യോഗം മുന്നറിയിപ്പു നല്‍കി. ഒറീസയില്‍ വര്‍ഗീയ കലാപത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാഗ്പൂര്‍ പള്ളോട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കഴിഞ്ഞ ഒമ്പതിനാണ്‌ സമ്മേളനം ആരംഭിച്ചത്‌. ഉദ്ഘാടന സമ്മേളനത്തില്‍ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. കര്‍ദിനാള്‍ ടെലസ്‌ ഫോര്‍ ടോപ്പോ ഉദ്ഘാടനം ചെയ്തു. ഡോ.എഡ്വേര്‍ഡ്‌ എടേഴത്ത്‌ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങള്‍ സഭയിലും സമൂഹത്തിലും എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം.