പ്രകൃതിക്കും ജീവനും ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അവയുടെ സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കണമെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ്. ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത അവസരത്തിലാ ണ് ജീവന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആഹ്വാനം മെത്രാന്‍ സിനഡ് പുറത്തിറക്കിയത്. 400 അംഗങ്ങള്‍ പങ്കെടുക്കുന്ന അസംബ്ലിയില്‍ വിവിധ രൂപതകളില്‍നിന്നു വന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം തെരഞ്ഞെടുത്തതെന്ന് സീറോ മലബാര്‍ സിനഡിന്റെ വ ക്താവ് റവ.ഡോ.പോള്‍ തേല ക്കാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. 11ന് തുടങ്ങി ഇന്നലെ വരെ നടന്ന സിനഡില്‍ 36 മെത്രാന്‍മാര്‍ പങ്കെടുത്തു. പ്രവാസികളുടെ അജപാലന ക്രമീകരണം, വൈദിക പരിശീലനം, വൈദികരുടെ തുടര്‍പരിശീലനം, മിഷണറി ദൈവവിളി പരിപോഷണം, സഭാ സംവിധാനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍, സിബിസിഐ യോഗം എന്നിവയും സിനഡ് ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭയുടെ സുവിശേഷവത്കരണ ദൗത്യം ഇന്നത്തെ ഭാരത പശ്ചാത്തലത്തില്‍ എന്ന വിഷയം സിനഡ് പ്രത്യേകം ചര്‍ച്ച ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കായി പുതിയ സെറ്റ് പ്രോപ്രിയ ചേര്‍ത്ത കുര്‍ബാന പുസ്തകവും സന്യസ്തരുടെ വ്രത വാഗ്ദാനത്തിനുള്ള കര്‍മ ക്രമവും പ്രസിദ്ധീകരിച്ചു. ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച സിനഡ് സാധിക്കുന്ന സഹായം കാരിത്താസ് ഇന്ത്യ വഴി അവിടേക്ക് എത്തിക്കാനും ആഹ്വാനം ചെയ്തു.