Thursday, January 21, 2010

മത്സ്യബന്ധന നിയമത്തിലെ വ്യവസ്ഥകള്‍ ഉപേക്ഷിക്കണം: കെആര്‍എല്‍സിസി

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നിര്‍ദിഷ്്ട മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ ഉപേക്ഷിക്കണമെന്ന്‌ കെആര്‍എല്‍സിസി രൂപീകരിച്ച തീരദേശ വികസന ഏജന്‍സിയായ കടലിന്റെ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍) ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന നിയമത്തില്‍ 12 നോട്ടിക്കല്‍ മെയിലിനപ്പുറം മത്സ്യബന്ധനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ പെര്‍മിറ്റ്‌ സമ്പാദിക്കണം. ഇപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്കര്‍ഷിക്കുന്ന ലൈസന്‍സുകള്‍ക്ക്‌ പുറമേയാണിത്‌. എന്നാല്‍ വന്‍കിട വിദേശ യാനങ്ങള്‍ക്ക്‌ പെര്‍മിറ്റ്‌ സമ്പാദിക്കുന്നതിലൂടെ ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രം മുഴുവന്‍ തുറന്നു ലഭിക്കുകയും ചെയ്യും. പെര്‍മിറ്റില്ലാത്ത 12 നോട്ടിക്കല്‍ മെയിലിനപ്പുറം കണ്ടാല്‍ അതിഭീമമായ പിഴയും ശിക്ഷയുമാണ്‌ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്‌. മൂന്നു വര്‍ഷം തടവും ഒന്‍പത്‌ ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കണം. ജനറല്‍ ബോഡി പറഞ്ഞു.യോഗത്തില്‍ ബിഷപ്‌ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, മോണ്‍.ജയിംസ്‌ കുലാസ്‌, ഷാജി ജോര്‍ജ്‌, ഫാ.ജെയ്സണ്‍ വടശേരി, ടി.പീറ്റര്‍, ജോസഫ്‌ ജൂഡ്‌, പ്ലാസിഡ്‌ ഗ്രിഗറി, അഡ്വ.ജോസി സേവ്യര്‍, ജോയി ഗോതുരുത്ത്‌, ജെയിന്‍ ആന്‍സില്‍, അഡ്വ.ആന്റണി അമ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു