ഇന്ത്യയിലെ ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റി പോലെ ഒരു സമിതിയെ നിയോഗിക്കണമെന്ന് നാഗ്പൂരില്‍ ചേര്‍ന്ന കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യാ യോഗം കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തതായി സെക്രട്ടറി ഫാ. വര്‍ഗീസ് പുല്ലന്‍ പറഞ്ഞു. ഇടവകതലം മുതലുള്ള സഭാ സമിതികളില്‍ യുവജനങ്ങള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സഭാ നേതൃത്വത്തോടും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സന്യാസികളുടെയും അല്‍മായരുടെയും സംഘമാണ് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സഭയിലെ അന്തര്‍ദേശീയ യുവജന പ്രസ്ഥാനം രൂപം കൊണ്ടതിന്റെ രജതജൂബിലി വര്‍ഷമാണ് 2010. അതുകൊണ്ട് കൗണ്‍സില്‍ ഈ വര്‍ഷം യുവാക്കളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.2020 ഓടെ ഇന്ത്യയുടെ ശരാശരി പ്രായം 29 വയസാവുകയാണ്. യുവാക്കളാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് അവരെ പ്രാപ്തരാക്കണമെന്നാണ് കൗണ്‍സിലിന്റെ അഭിപ്രായം. അവര്‍ക്ക് സമുദായം തങ്ങളുടേതാണെന്ന ചിന്ത ഉണ്ടാക്കണം. അങ്ങനെ അവരില്‍ സാമൂഹിക പ്രതിബദ്ധതയും ഐക്യവും വളര്‍ത്തണം. മാധ്യമങ്ങളുടെ സ്വാധീനം മൂലം യുവാക്കള്‍ ഇന്ന് എല്ലാ കാര്യത്തിലും ബോധ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കപ്പെടണം. അവര്‍ സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നു. സുവിശേഷ മൂല്യാധിഷ്ഠിതമായി ജിവിക്കുന്ന ഒരു നേതൃനിരയെ വളര്‍ത്തിയെടുക്കണം. ജീവിതയാത്രയില്‍ ഉണ്ടാകുന്ന കൊച്ചു തോല്‍വികള്‍ പോലും അവരെ കടുത്ത നിരാശയിലാക്കുന്നു. അതുകൊണ്ട് വിശ്വാസ ജീവിതത്തില്‍ അവര്‍ക്കു വലിയ പരിശീലനം വേണം. അവര്‍ക്ക് മാതൃകയാകാന്‍ മുതിര്‍ന്ന തലമുറയ്ക്കു കഴിയണം. മാധ്യമസ്വാധീനം മൂലം വളരെ ചെറുപ്പത്തിലെ തന്നെ വലിയ അറിവുണ്ടാവുകയാണ്. ലൈംഗികത, കുടുംബബന്ധം, ഭാര്യ-ഭര്‍തൃ ബന്ധം തുടങ്ങിയവയോടുള്ള സമീപനങ്ങളില്‍ വന്‍ മാറ്റമാണ് ഉണ്ടാവുന്നത്. സാമൂഹികവും വ്യക്തിപരവുമായ ഈ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ ശക്തരാക്കപ്പെടണം. യുവാക്കള്‍ക്കും നവദമ്പതികള്‍ക്കും പ്രത്യേക പരിശീലനം ക്രമീകരിക്കണം. യൂണിവേഴിസിറ്റികളോട് ചേര്‍ന്ന് സഭയുടെ ഹോസ്റ്റലുകള്‍ ഉണ്ടാവണം. നാടുവിട്ടു വരുന്ന യുവാക്കള്‍ക്ക് സഹായം ഉറപ്പാക്കണം. വ്യത്യസ്ത ശേഷികളുള്ള യുവാക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.സഭയില്‍ യുവാക്കളുമായി സംവദിക്കുന്നതിന് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമാകണം. ഇടവക തലത്തില്‍ തന്നെ യുവാക്കള്‍ക്ക് കൂട്ടായ്മകള്‍ ഉണ്ടാക്കണം. മാധ്യമബോധം പകരണം. സഭ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്കെതിരായ ശക്തമായ പ്രചാരണം നടത്തണം.ദളിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കു മതപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സിയും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികളും സ്ഥാപിക്കുന്നതിന് നിയമ നിര്‍മാണം നടത്തണമെന്ന് സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വവര്‍ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കാനുള്ള നീക്കങ്ങളെ എന്തുവില കൊടുത്തും എതിര്‍ക്കാന്‍ തീരുമാനിച്ചു. സഭയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ചില അധികാരികള്‍ നടത്തുന്ന നീക്കങ്ങളെ അപലപിച്ചു. കുടുംബങ്ങളുടെ വലുപ്പം കുറപ്പിക്കുന്നതിനും ദയാവധം അനുവദിക്കുന്നതിനും നിയമനിര്‍മാണം നടത്തുന്നതിന് കേരളം പോലുള്ള സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.