പങ്കുചേരലും പ്രോത്സാഹനവും ഐക്യവുമാണ് ദൈവവിളിയുടെയും സഭയുടെയും മഹത്വമെന്നു സീറോ മലബാര്‍ സഭാ വൈദിക -സന്യസ്ത കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാനുമായ മാര്‍ തോമസ് ചക്യത്ത്. സഭകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാ വ് സഭയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതിന് പ്രധാന തെളിവാണ് വര്‍ധിച്ചു വരുന്ന ദൈവവിളിയെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത മെത്രാന്‍മാരായ മോണ്‍. ബോസ്കോ പുത്തൂര്‍, മോണ്‍. പോളി കണ്ണൂക്കാടന്‍, നവ വൈദിക പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം തിരിതെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു. നിയുക്ത കൂരിയ ബിഷപ് മോണ്‍. ബോസ്കോ പുത്തൂര്‍ പ്രഭാഷണം നടത്തി. സഭയിലെ 29 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നും ഈ വര്‍ഷം പുരോഹിതരായി അഭിഷിക്തരായ വൈദികരുടെ സംഗമമാണ് സഭയുടെ കാര്യാലയത്തില്‍ നടന്നത്.അജപാലന പ്രവര്‍ത്തനങ്ങളിലേയ്ക്കും മിഷന്‍ ദൗത്യത്തിലേയ്ക്കും നവവൈദികരെ സ്വാഗതം ചെയ്യുകയാണ് സീറോ മലബാര്‍ സഭയിലെ ഈ സംഗമത്തിന്റെ ലക്ഷ്യം. സീറോ മലബാര്‍ സഭയിലെ വൈദിക-സന്യസ്ത കമ്മീഷന്റൈ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ഫാ.ആന്റണി കൊള്ളന്നൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, സിസ്റ്റര്‍ തെരേസിറ്റ എന്നിവര്‍ സമ്മേളനത്തിന് നേത്യത്വം നല്‍കി.