സെക്കുലറിസം എന്ന് പേരിട്ട് മതാചാരങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ശ്രമം മതങ്ങളെ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സന്യസ്ത ദിനത്തോടനുബന്ധിച്ച് വെള്ളയമ്പലം പള്ളിയില്‍ അര്‍പ്പിച്ച സമൂഹബലിക്കു മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരായി. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ 20 -ാം വാര്‍ഷികവുമായിരുന്നു ഇന്നലെ. 1990 ഫെബ്രുവരി രണ്ടിനായിരുന്നു മെത്രാഭിഷേകം. മതത്തില്‍ നിന്നും ആചാരാനുഷ്ഠാനങ്ങളെ മാറ്റുമ്പോള്‍ അതു ലൗകികമാവും (സെക്കുലര്‍). ഇന്ന് മതത്തെ ലൗകികവത്കരിക്കുന്നതിനുള്ള പ്രവണത ശക്തമാവുന്നുണ്ട്. ലൗകികമായ മതം മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്ന കണ്ണിയാവില്ല. നീതിയും സ്നേഹവും ഇല്ലാതാകുമ്പോള്‍ ആചാരങ്ങള്‍ പൊള്ളയാവും. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മതം തന്നെ ഇല്ലാതാകുന്നു. ഭൗതിക മണ്ഡലത്തില്‍ നിന്ന്, ദൈവത്തെ അനുഭവിച്ചറിയുന്ന ദൈവിക മണ്ഡലത്തിലേക്ക് കടന്നുവരാന്‍ നമ്മെ സഹായിക്കുന്ന ഉപാധികളാണ് മതപരമായ ആചാരാനുഷ്ഠാനങ്ങള്‍. തങ്ങളുടെ മതത്തിലും ദേവാലയത്തിലും നഷ്ടപ്പെട്ട ദൈവാനുഭവം തേടിയാണ് പാശ്ചാത്യനാടുകളിലെ മനുഷ്യര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന പൗരസ്ത്യ നാടുകളിലേക്കു പ്രവഹിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിപ്പിച്ചു. മതപരമായ ആചാരങ്ങള്‍ക്കുള്ള പ്രാധാന്യം നിലനില്‍ക്കുന്ന ലൂര്‍ദ്, തെയ്സെ തുടങ്ങിയ സ്ഥലങ്ങളിലേക്കു ഇപ്പോഴും വന്‍ തീര്‍ത്ഥാടക പ്രവാഹമുണ്ട്.