സ്കൂളുകളിലെ അധിക ഡിവിഷന്‍ നിയമനങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ ചില നിബന്ധനകള്‍ക്കെതിരേ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുടെ നിയമനാധികാരത്തില്‍ കൈകടത്താനുള്ള സര്‍ക്കാര്‍നീക്കത്തിന്റെ ഭാഗമാണ് ഉത്തരവിലെ അഞ്ചും ആറും നിബന്ധനകള്‍. ഇത് അംഗീകരിക്കാന്‍ തയാറല്ല. 2006-07 മുതല്‍ സ്കൂളുകളില്‍ നിയമിതരായവര്‍ക്ക് തുല്യമായ എണ്ണം സംരക്ഷിത അധ്യാപക, അനധ്യാപക ജീവനക്കാരെ അടുത്ത അധ്യയനവര്‍ഷം മുതല്‍ വരുന്ന ഒഴിവുകളില്‍ നിയമിക്കണമെന്നും ഇക്കാര്യം സമ്മതിച്ചുകൊണ്ട് നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം സ്കൂള്‍ മാനേജര്‍മാര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നുമാണ് ഒരു നിബന്ധന. ഭാവിയില്‍ അധികഡിവിഷന്‍ ഉണ്ടാകുന്ന മുറയ്ക്ക് എല്ലാ എയ്ഡഡ് സ്കൂളുകളിലും 1:1 എന്ന ക്രമത്തില്‍ സംരക്ഷിത അധ്യാപകന്‍, പുതിയതായി നിയമിതനാകുന്ന അധ്യാപകന്‍ എന്ന മുറയ്ക്കേ നിയമനം പാടുള്ളുവെന്നതാണ് അടുത്ത നിബന്ധന. കെഇആറിനു വിരുദ്ധമായ നിബന്ധനകളെ നിയമപരമായും നേരിടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.