Friday, February 5, 2010

യുവജന പ്രേഷിതത്വം ക്രിയാത്മകമാക്കണം: മാര്‍ അറയ്ക്കല്‍

യുവജന പ്രേഷിത രംഗത്ത്‌ സഭയുടെ ഇടപെടലുകള്‍ കൂടുതല്‍ ക്രിയാത്മകമാക്കണമെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറക്കല്‍. കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ രൂപതകളിലെ യുവജന സംഘടനാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വം മനുഷ്യവംശത്തിന്റെ പൊതുസ്വത്താണ്‌. ഇന്ത്യയ്ക്കകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്ന യുവജനങ്ങളുടെ പ്രേഷിതത്വത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സഭയുടെ ശക്തിയായ യുവജനങ്ങളെ സഭാ ശുശ്രൂഷയ്ക്കും ലോകസേവനത്തിനുമായി ക്രിയാത്മകമായി തിരിച്ചുവിടണമെന്ന്‌ സീറോ മലബാര്‍ സഭാ നിയുക്ത കൂരിയാ ബിഷപ്‌ മോണ്‍. ബോസ്കോ പുത്തൂര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സങ്കീര്‍ണവും വിശാലവുമായ മേഖലയാണ്‌ യുവജന പ്രേഷിത രംഗം. വെല്ലുവിളി നിറഞ്ഞ ഈ മേഖലയില്‍ സ്നേഹംകൊണ്ടും ജീവിത മാതൃക കൊണ്ടുമാണ്‌ യുവജനങ്ങളെ സഭയ്ക്കായി നേടിയെടുക്കേണ്ടത്‌. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജ്സ്‌ എംഡിയും സീ റോ മലബാര്‍ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ അംഗവുമായ ഡോ.ടി.കെ ജോസ്‌, ഡോ.റൂബിള്‍ രാജ്‌, അഡ്വ.ജോസ്‌ വിതയത്തില്‍, സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.