സീറോ-മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കൂരിയാ മെത്രാന്‍ സ്ഥാനത്തേക്കു നിയമിതനായ മോണ്‍. ബോസ്കോ പുത്തൂര്‍ നാളെ അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 2.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാഭിഷേക കര്‍മങ്ങള്‍ നട ക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം വചന സന്ദേശം നല്‍കും. മാര്‍പാപ്പയുടെ മെത്രാന്‍ നിയമനപത്രിക കൂരിയാ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ വായിക്കും. സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ആര്‍ച്ച് ഡീക്കനായിരിക്കും. കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആശംസകള്‍ അര്‍പ്പിക്കും. മെത്രാഭിഷേകചടങ്ങുകളില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കും.