Monday, February 15, 2010

സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ അഫിലിയേഷന്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ല: മാര്‍ പവ്വത്തില്‍

ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ അടിയറവച്ച്‌ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുടെ ഇപ്പോഴു ള്ള അഫിലിയേഷന്‍ പുതുക്കുകയുള്ളൂവെന്ന വിദ്യാഭ്യാസ വകുപ്പിന്റെയും യൂണിവേഴ്സിറ്റിയുടെയും നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി കണ്ടു റദ്ദുചെയ്ത സ്വാശ്രയ വിദ്യാഭ്യാസ നിയമം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ ഈ നീക്കത്തെ എല്ലാവിധ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും എതിര്‍ക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത്‌ അനാവശ്യവും അര്‍ഥശൂന്യവുമായ പ്രതിസന്ധി സൃഷ്ടിച്ച്‌ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ ഈ ഭരണഘടനാവിരുദ്ധമായ നീക്കമെന്നു സംശയിക്കുന്നു. സര്‍ക്കാരിന്റെ ഈ നയങ്ങള്‍മൂലം ഏതാണ്ട്‌ മൂന്നു ലക്ഷം വിദ്യാര്‍ഥികളാണ്‌ മറ്റു സംസ്ഥാനങ്ങളിലെ കോളജുകള്‍ തേടിപ്പോയിരിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നും പണംപറ്റി നടത്തുന്ന തന്ത്രങ്ങളാണിതെന്നും ആരോപണമുണ്ട്‌. കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധവും മതവിരുദ്ധവുമായ നിലപാടുകളുടെ തുടര്‍ച്ചയാണിതില്‍ കാണാന്‍ കഴിയുന്നത്‌. ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു.