Friday, February 12, 2010

കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ ഭരണങ്ങാനത്ത്‌

കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ ഭരണങ്ങാനത്ത്‌ എത്തുമെന്ന്‌ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അറിയിച്ചു. കര്‍ദിനാള്‍ ഹ്യൂംസ്‌ 13ന്‌ പാലാ രൂപതയിലെത്തും. രാവിലെ പത്തിന്‌ രാമപുരത്ത്‌ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ കര്‍ദിനാള്‍ എത്തിച്ചേരും. 11ന്‌ ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സന്ദര്‍ശിക്കും. തുടര്‍ന്ന്‌ 11.45ന്‌ പാലാ അരമനയില്‍ എത്തിച്ചേരുന്ന കര്‍ദിനാളിന്‌ രൂപതയിലെ വിശ്വാസസമൂഹത്തി ലെ എല്ലാ വിഭാഗത്തിലുംപെട്ട, ക്ഷണിക്കപ്പെട്ട വിശ്വാസസമൂഹത്തിന്റെ സാന്നിധ്യത്തില്‍ സ്വീകരണവും വിരുന്നും നല്‍കും. ബ്രസീല്‍ സ്വദേശിയായ കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ 1934 ഓഗസ്റ്റ്‌ എട്ടിനാണു ജനിച്ചത്‌. പോര്‍ച്ചുഗീസാണ്‌ മാതൃഭാഷ. 1996 മുതല്‍ 98 വരെ ഫൊര്‍ത്തലേസാ അതിരൂപതയുടെ മെത്രാപ്പോലീത്തായും 1998 മുതല്‍ 2006 വരെ സാവ്പൗളോയുടെ മെത്രാപ്പോലീത്തായുമായിരുന്നു. അദ്ദേഹം കപ്പൂച്ചിന്‍ സന്യാസന സമൂഹത്തി ലെ അംഗമാണ്‌. 2001 ഫെബ്രുവരിയിലെ കണ്‍സിസ്റ്ററിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്‌ ഹ്യൂംസിനെ കര്‍ദിനാള്‍പദവിയിലേക്ക്‌ ഉയര്‍ത്തിയത്‌. 2002- ലെ നോമ്പുകാലത്ത്‌ മാര്‍പാപ്പയ്ക്കു ധ്യാനം പ്രസംഗിച്ചത്‌ ഇദ്ദേഹമായിരുന്നു. കര്‍ദിനാള്‍ ജോസഫ്‌ റാറ്റ്സിംഗറിനെ പാപ്പായായി തെരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ ഹ്യൂംസ്‌ പങ്കെടുത്തിരുന്നു. 2006 ഒക്ടോബര്‍ 31ന്‌ ബനഡിക്ട്‌ പിതാവ്‌, കര്‍ദിനാള്‍ ഹ്യൂംസിനെ വൈദികര്‍ക്കുവേണ്ടിയുള്ള റോമിലെ തിരുസംഘത്തിന്റെ അധ്യക്ഷനായി നിയമിച്ചു. റോമിലെ 12 തിരുസംഘങ്ങളില്‍ അംഗത്വമുള്ള വ്യക്തി കൂടിയാണ്‌ കര്‍ദിനാള്‍ ഹ്യൂംസ്‌. കത്തോലിക്കാസഭയിലെ വൈദികരുടെയും ഡീക്കന്മാരുടെയും തലവന്‍ എന്ന നിലയില്‍ വളരെ ഭാരിച്ച ഉത്തരവാദിത്തമാ ണ്‌ അദ്ദേഹം നിര്‍വഹിക്കുന്നത്‌. ലോകം മുഴുവനുമുള്ള പ്രെസ്ബിറ്ററല്‍ കൗണ്‍സിലുകളുടെയും മറ്റു വൈദികസംഘടനകളുടെയും ചുമതല ഇദ്ദേഹത്തിനാണ്‌. പണ്ഡിതനും സഭാസ്നേഹിയുമായ കര്‍ദിനാള്‍ ഹ്യൂംസ്‌ ലോ കം മുഴുവനും അറിയപ്പെടുന്ന വ്യക്തിയാണ്‌. സഭയുടെ പരമ്പരാഗത മൂല്യങ്ങളെ, പ്രത്യേകിച്ച്‌ ധാര്‍മിക ദൈവാശ്രയ മേഖലയെ ശക്തമായി ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്‌ അദ്ദേഹം. സഭാത്മകമായ വലിയ ഒരു വീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലുമുണ്ട്‌. സഭയുടെ ഏറ്റവും വലിയ ദൗത്യം പാവപ്പെട്ടവരെ സഹായിക്കുക എന്നതാണെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കര്‍ദിനാള്‍സ്ഥാനം കത്തോലിക്കാസഭയിലെ ശ്രേഷ്ഠമായ ഒരു ശുശ്രൂഷാപദവിയാണ്‌. കര്‍ദിനാളന്മാരെ എല്ലാവരെയും ചേര്‍ത്ത്‌ കര്‍ദിനാള്‍സംഘം എന്നാണു പറയുക. മാര്‍പാപ്പമാരാണ്‌ കര്‍ദിനാളന്മാരെ നിയമിക്കുന്നത്‌. മാര്‍പാപ്പയുടെ ഉപദേശകസമിതിയാണിത്‌. ഇപ്പോള്‍ കത്തോലിക്കാസഭയില്‍ 182 കര്‍ദിനാളന്മാരാണുള്ളത്‌. അവയില്‍ 111 പേരും 80 വയസില്‍ താഴെയുള്ളവരാണ്‌. കര്‍ദിനാളന്മാരെ അഭിസംബോധന ചെയ്യുന്നത്‌ ആദരസൂചകമായ ‘എമിനന്‍സ്‌’ എന്ന വാക്കുപയോഗിച്ചാണ്‌.