Monday, February 1, 2010

സഭ നോക്കി സംവരണം നല്‍കുന്നത്‌ നീതിനിഷേധം: കാതോലിക്ക ബാവ

സഭ നോക്കി സംവരണം നല്‍കുന്നത്‌ നീതി നിഷേധമാണെന്നും നിയമപരമായ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ പള്ളികളുടെ മേല്‍വിലാസം നോക്കി ജനവിഭാഗത്തിന്റെ നീതി നിഷേധിക്കുന്നത്‌ ശരിയല്ലെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്്‌ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ. കാഞ്ഞിരംകുളം നിത്യസഹായമാതാ മലങ്കര കത്തോലിക്ക തീര്‍ഥാടന പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്ക ബാവ. ഒരു കുടുംബത്തിലെ നാലുപേരില്‍ രണ്ടുപേര്‍ക്കു മാത്രം സംരക്ഷണം നല്‍കി മറ്റു രണ്ടുപേരെ ഒഴിവാക്കുന്നത്‌ അനീതിയാണ്‌. മറ്റുള്ളവര്‍ക്ക്‌ ലഭിക്കുന്നത്‌ നമുക്കും ലഭിക്കണമെന്ന്‌ നാം ശാഠ്യം പിടിക്കുന്നില്ല. എല്ലാവര്‍ക്കും ലഭിക്കേണ്ട സുരക്ഷിതത്വം നമുക്കുമാത്രം ലഭ്യമാകാത്തത്‌ ഭരണഘടനയുടെ ലംഘനമാണ്‌. മതവിശ്വാസം സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ സംസ്കാരമാണ്‌. കോടാനുകോടി ജനങ്ങളില്‍ സംസ്കാരമുള്ള അംഗങ്ങളാണ്‌ നാം. അതിനാല്‍ നമ്മോടു കാണിക്കുന്ന ഈ അനീതി വളരെ വേഗത്തില്‍ പരിഹരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ഹൈന്ദവ സംസ്കാരം അലിഞ്ഞു ചേര്‍ന്ന മണ്ണില്‍ രാജ്യസ്നേഹികളും ദൈവസ്നേഹികളും മനുഷ്യസ്നേഹികളുമായ ഹൈന്ദവ, മുസ്ലിം ഇതര സഹോദരങ്ങളും, ഭരണകൂടവും അധികാരികളും നാടാര്‍ സമുദായത്തിന്റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും പ്രത്യേക സമീപനം സ്വീകരിക്കുമെന്ന്‌ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള അവഗണനമൂലമുള്ള വിഷമങ്ങള്‍ മറന്ന്‌ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കണം. മലങ്കര സഭ സര്‍വജനങ്ങള്‍ക്കുമായി നിസ്വാര്‍ഥം സമര്‍പ്പിക്കുന്ന ആതുര സേവന സംരക്ഷണ പദ്ധതികള്‍ ഒത്തൊരുമയോടെ മു ന്നോട്ടുകൊണ്ടുപോകണമെന്നും കാതോലിക്ക ബാവ ആഹ്വാനം ചെയ്തു. സാധുവിവാഹ സഹായനിധി ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും കാതോലിക്കാ ബാവ നി ര്‍വഹിച്ചു. പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക്‌ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു.