Monday, February 22, 2010

കിന്‍ഫ്രയ്ക്കു വേണ്ടി ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കരുത്‌: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു വേണ്ടി ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കാന്‍ ആരും തയാറാകരുതെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. കിന്‍ഫ്ര പദ്ധതിക്കുവേണ്ടി മഞ്ഞപ്ര, തുറവൂര്‍, മറ്റൂര്‍ വില്ലേജുകളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജനകീയ കണ്‍വന്‍ഷന്‍ അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സ്വാതന്ത്ര്യം ലഭിച്ചാല്‍ മാത്രം പോരാ അതു കാത്തുസൂക്ഷിക്കാനുള്ള ജനകീയശക്തി കൂടി ഉണ്ടാവണമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച ബിഷപ്‌, ആ ജനകീയശക്തിയുടെ വലിയൊരു സൂചനയാണ്‌ കിന്‍ഫ്രവിരുദ്ധ സമരത്തില്‍ നിഴലിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി കുടിയൊഴിപ്പിക്കലുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. മൂലമ്പിള്ളിയിലെ ഭീകരമായ കുടിയൊഴിപ്പിക്കല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണ്‌. ഇങ്ങനെ മാരകമായ രീതിയില്‍ ഒരു രാജ്യത്തും വികസനം ഉണ്ടാകാതിരിക്കട്ടെയെന്നാണ്‌ യുണൈറ്റഡ്‌ നേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്സ്‌ കമ്മീഷന്‍ അഭിപ്രായപ്പെട്ടതെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക്‌ വിലകല്‍പിക്കാത്ത രാഷ്ട്രീയം മോശപ്പെട്ട രാഷ്ട്രീയമാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ഭരിക്കുന്നവര്‍ മറക്കരുത്‌. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്ക്‌ ജനം തിരിച്ചടി നല്‍കുമെന്ന്‌ ഓര്‍മിക്കുന്നതു നല്ലതാണെന്നും മാര്‍ എടയന്ത്രത്ത്‌ പറഞ്ഞു.
ഡോ.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ജനാധിപത്യത്തിനു പകരം ഏകാധിപത്യവും സര്‍വാധിപത്യവുമാണ്‌ നടപ്പാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ തലയില്‍ ചവുട്ടി നിന്നുകൊണ്ടുള്ള വികസനം അനുവദിക്കരുത്‌. സ്ഥലം എംഎല്‍എ എന്ന നിലയില്‍ മന്ത്രി ജോസ്‌ തെറ്റയിലിന്റെ നിലപാടുകള്‍ തെറ്റാണ്‌. അതു സ്വയം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ജനം അറിയിച്ചുതരുമെന്നും മാര്‍ കൂറിലോസ്‌ മുന്നറിയിപ്പു നല്‍കി. കണ്‍വന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ സമ്മതിച്ചിരുന്നെങ്കിലും പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്‌ പുറപ്പെടേണ്ടിവന്ന കെ.പി.ധനപാലന്‍ എംപിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സമരത്തിന്‌ എല്ലാവിധ പിന്തുണയും നല്‍കുന്നതായി അറിയിച്ച അദ്ദേഹം നിര്‍ദിഷ്ട കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌ ജനവാസമില്ലാത്തതും പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്തതുമായ മറ്റേതെങ്കിലും സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
സിഎസ്‌എ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഭൂഭവന പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ എം.പി.മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍, മുന്‍ എംഎല്‍എ പി.ജെ.ജോയി, ജില്ലാ പഞ്ചായത്തംഗം പി.വി.ജോസ്‌, കെ.പി.ബേബി, പി.ടി.പോള്‍, ഫാ.ജോയ്സ്‌ കൈതക്കോട്ടില്‍, ഫാ.എല്‍ദോ ചെറിയാന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജിയോ ജോസ്‌, ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌, പി.വേലായുധന്‍, എം.എം.ചന്ദ്രന്‍, കെ.കെ.ശോഭ, മൂലമ്പിള്ളി സമര നേതാവ്‌ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, അഡ്വ.ജേക്കബ്‌ മഞ്ഞളി, പി.പി.അഗസ്റ്റിന്‍, എം.കെ.ജനകന്‍, വി.എന്‍.സുഭാഷ്‌, കെ.സി.ജയന്‍, കെ.കെ.പൗലോസ്‌, ദിലീപ്‌ മംഗലത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനു മുന്നോടിയായി ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജിയോ ജോസ്‌ കത്തിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ കിന്‍ഫ്ര പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന നൂറുകണക്കിനു കര്‍ഷകരും നാട്ടുകാരും സംബന്ധിച്ചു.