വിശ്വാസസമൂഹം സദ്പ്രവൃത്തികളിലൂടെ സമൂഹത്തിന് നന്മയുടെ വെളിച്ചം പകരണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ സ്മരണാര്‍ഥം നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായവര്‍ക്ക് പങ്കുവയ്ക്കലിലൂടെ ഭവനം, ആരോഗ്യസഹായം, വിവാഹസഹായം എന്നിവ എത്തിച്ചുകൊടുക്കാന്‍ സന്നദ്ധരാകണം. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി നിര്‍ധനരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിശ്വാസസമൂഹം പ്രതിജ്ഞാബദ്ധമാകണം. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നന്മയുടേയും സ്നേഹത്തിന്റെയും അനുഭവസാക്ഷ്യം സമൂഹത്തിന് പകര്‍ന്നു നല്‍കിയ മഹനീയ വ്യക്തിത്വമായിരുന്നു. സര്‍ക്കാരിന്റെ പ്രശസ്തമായ ലക്ഷം വീട് പദ്ധതിക്കും മറ്റ് ഭവന നിര്‍മാണ പദ്ധതികള്‍ക്കും മാര്‍ കാവുകാട്ടിന്റെ ആശയങ്ങള്‍ പ്രചോദനമായിരുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. അതിരൂപതയിലെ ഭവന രഹിതര്‍ക്കായി 125 വീടുകളാണ് ജൂബിലിയോട് അനുബന്ധിച്ച് നിര്‍മിച്ചു നല്‍കുന്നത്. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നിര്‍മിക്കുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് മ്യൂസിയത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനവും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. മ്യൂസിയത്തില്‍ നിര്‍മിക്കുന്ന ഓഡിയോ വിഷ്വല്‍ തീയറ്ററിന്റെ സ്പോണ്‍സര്‍ഷിപ്പ് തുക ദുബായ് പേള്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സന്തോഷ് ജോസഫ് കരിമറ്റത്തിനുവേണ്ടി മാതാവ് അന്നമ്മ ജോസഫില്‍ നിന്നും ആര്‍ച്ച് ബിഷപ് ഏറ്റുവാങ്ങി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.പോസ്റ്റുലേറ്റര്‍ ഫാ. മാത്യു മറ്റം, മെത്രാപ്പോലീത്തന്‍ പള്ളിവികാരി ഫാ. തോമസ് തുമ്പയില്‍,മാര്‍ കാവുകാട്ട് മ്യൂസിയം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബ്രിഗേഡിയര്‍ ഒ.എ ജയിംസ്, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. മാത്യു വെള്ളാനിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രഫ. രാജന്‍ കെ അമ്പൂരി, ഡോ. റൂബിള്‍ രാജ്, പ്രഫ. കെ.കെ ജോണ്‍, സ്കറിയ ജോസ് കാട്ടൂര്‍, സാജന്‍ ഫ്രാന്‍സിസ്, സിബിച്ചന്‍ തരകംപറമ്പില്‍, തങ്കച്ചന്‍ മുളവന, സിസ്റ്റര്‍ ജെയിന്‍, റോയി പുല്ലുകാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗമായ വടകരപട്ടണത്തുശേരി ജോസഫ്കുഞ്ഞിനെ പ്രതിനിധീകരിച്ച് മാതാവ് ത്രേസ്യാമ്മ ജേക്കബ്, അര്‍ക്കാഡിയാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി ജോസ് കുളപ്പുറത്ത് എന്നിവര്‍ കാവുകാട്ട് ഭവനനിര്‍മാണപദ്ധതിയുടെ ആദ്യഫണ്ട് സംഭാവന ചെയ്തു. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നടന്ന അതിരൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ മധ്യേ ആണ് ചടങ്ങ് നടന്നത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം തെളിച്ച ദീപം വിശ്വാസികള്‍ക്ക് പകര്‍ന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.