കേരള ലത്തീന്‍ സഭയിലെ വരാപ്പുഴ പ്രോവിന്‍സിന്റെ തലവനും വരാപ്പുഴ അതിരൂപത അധ്യക്ഷനുമായി കോട്ടപ്പുറം ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 26നു കാലംചെയ്ത ആര്‍ച്ച്ബിഷപ് ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ പിന്‍ഗാമിയും വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയുമായാണ് ഡോ.കല്ലറയ്ക്കല്‍ നിയമിതനായത്. കോട്ടപ്പുറം മെത്രാസന മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത വൈദികരുടേയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടേയും യോഗത്തില്‍, ബിഷപ് ഡോ.കല്ലറയ്ക്കലിന്റെ സാന്നിധ്യത്തില്‍ രൂപത ചാന്‍സലര്‍ റവ.ഡോ. നിക്സണ്‍ കാട്ടാശേരി മാര്‍പാപ്പ അയച്ച നിയമനവാര്‍ത്ത വായിച്ചു. ഇതേസമയത്തുതന്നെ വത്തിക്കാനിലും വരാപ്പുഴ അതിമെത്രാസന മന്ദിരത്തിലും പ്രഖ്യാപനമുണ്ടായി. സ്ഥാനാരോഹണതീയതി പിന്നീട് തീരുമാനിക്കും. കഴിഞ്ഞ 22 വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. കല്ലറയ്ക്കല്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് ഇടവകയില്‍ പരേതരായ കല്ലറയ്ക്കല്‍ ജോസഫിന്റേയും ബ്രിജിറ്റയുടേയും ഏഴു മക്കളില്‍ ഇളയമകനായി 1941 ഒക്ടോബര്‍ പത്തിനു ജനിച്ചു. കോട്ടപ്പുറം, ഗോതുരുത്ത് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വരാപ്പുഴ അതിരൂപതയുടെ സെന്റ് ജോസഫ്്സ് മൈനര്‍ സെമിനാരിയില്‍ വൈദികാര്‍ഥിയായി ചേര്‍ന്നു. തുടര്‍ന്ന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലും കോളജിലും പഠിച്ച അദ്ദേഹം ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്സ് സെമിനാരിയില്‍നിന്ന് തത്വശാസ്ത്രവും റോമിലെ പ്രൊപ്പഗാന്ത കോളജില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 1968 ജൂണ്‍ 29 ന് പ്രൊപ്പഗാന്ത തിരുസംഘത്തലവന്‍ കര്‍ദിനാള്‍ ഡോ.അഗജിയാനിയനില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബിയാന സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റും അമേരിക്കയിലെ ഫെയര്‍ഫീല്‍ഡ് സര്‍വകലാശാലയില്‍നിന്ന് സാമൂഹ്യമനഃ ശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.