Wednesday, February 17, 2010

പൗരോഹിത്യം ദൈവത്തിന്റെ വിലപ്പെട്ട ദാനം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

പൗരോഹിത്യം ദൈവം നല്‍കിയ വിലപ്പെട്ട ദാനമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ ആരംഭിച്ച ചങ്ങനാശേരി അതിരൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ഈശോയുടെ സുവിശേഷദൗത്യം തുടരുന്നത്‌ പുരോഹിതനിലൂടെയാണ്‌. ദൈവത്തെയും ദൈവജനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ദൈവം സ്വന്തം ജനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പുരോഹിതരിലൂടെയാണ്‌. ക്രിസ്തീയ പൗരോഹിത്യത്തെ അപമാനിക്കുന്നതിനും താറടിക്കുന്നതിനും എല്ലാക്കാലവും ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്‌. സഭാനേതൃത്വത്തെ ഇല്ലായ്മ ചെയ്ത്‌ സഭയെ തകര്‍ക്കാനാണ്‌ ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുള്ളത്‌. പീഡനങ്ങള്‍ എന്നും സഭയെ വളര്‍ത്തുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. പൗരോഹിത്യം ദൈവം സ്ഥാപിച്ചതിനാലും പൗരോഹിത്യത്തിലൂടെ സഭ നിലനില്‍ക്കുന്നതിനാലും പൗരോഹിത്യം ഇല്ലായ്മ ചെയ്യാനാകില്ല. ദൈവജനത്തിന്റെ പരിപോഷണത്തിനുവേണ്ടി ദൈവം നല്‍കിയ പൗരോഹിത്യം തിരസ്കരിക്കപ്പെടരുതെന്നും ആര്‍ച്ച്ബിഷപ്‌ ഉദ്ബോധിപ്പിച്ചു. യേശുവിന്റെ സാദൃശ്യത്തോടു ചേര്‍ന്ന വൈദികര്‍ സഭയിലുണ്ടാകണം. ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. വിശുദ്ധരായ വൈദികരും സമര്‍പ്പിതരും കാലഘട്ടത്തിന്‌ ആവശ്യമാണ്‌. ലോകത്തെ ദൈവരാജ്യമായും വിശുദ്ധ കൂട്ടായ്മയായും വളര്‍ത്താന്‍ വൈദികരും സഭാമക്കളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. തോമസ്‌ തുമ്പയില്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പറമ്പില്‍, കൈക്കാരന്‍ തങ്കച്ചന്‍ മുളവന എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ ആമുഖപ്രസംഗം നടത്തി. ഉച്ചകഴിഞ്ഞും വൈകിട്ടും ഫാ. ആന്റോ കണ്ണമ്പുഴ വിസി വചനപ്രഘോഷണം നടത്തി. ചാന്‍സലര്‍ ഫാ. ടോം പുത്തന്‍കളം വിശുദ്ധ കുര്‍ബാനയ്ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജു കണ്ണാടിപ്പാറ, ഫാ. ജോര്‍ജ്‌ പനക്കേഴം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ആരാധനയ്ക്ക്‌ ഫാ. ടോം കുന്നുംപുറവും റംശയ്ക്ക്‌ ഫാ. മാത്യു ഓടലാനിയും കാര്‍മികത്വം വഹിച്ചു. ഫാ. ബിജു കണ്ണാടിപാറ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ആയിരക്കണക്കിന്‌ വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്‌. ഇന്നു രാവിലെയും വൈകുന്നേരവും റവ. ഡോ. ജോസഫ്‌ പാമ്പ്ലാനി ‘സഭ വിളിയും വെല്ലുവിളിയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക്‌ വിശുദ്ധ കുര്‍ബാനയ്ക്ക്‌ ഫാ. തോമസ്‌ തുമ്പയില്‍, ഫാ. സോണി കാരുവേലില്‍, ഫാ. ഗ്രിഗറി ഓണംകുളം തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. റംശയ്ക്ക്‌ ഫാ. ചാക്കോ പുതിയപ്പറമ്പിലും ആരാധനയ്ക്ക്‌ ഫാ. ജോണ്‍ പുലിശേരി, ഫാ. ബാബു പുത്തന്‍പുര എന്നിവരും കാര്‍മികത്വം വഹിക്കും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ സമാപന സന്ദേശത്തോടുകൂടി 20ന്‌ രാത്രി ഒന്‍പതിന്‌ സമാപിക്കും.