മതം നോക്കാതെ നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനുള്ള ബാധ്യത നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഫലം അറിയുമെന്ന് മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരിപ്പിച്ചു. അക്രമവും അരാജകത്വവും സൃഷ്ടിച്ചാലേ നീതി നടത്തൂ എന്ന് വരുന്നത് നാടിന്റെ നാശത്തിനാവും കാരണമാവുക. ഉപവാസവും ധര്‍ണകളും സമാധാനപരമായ മാര്‍ഗങ്ങളും കൊണ്ട് കാര്യങ്ങള്‍ നേടാനാവുമെന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മതപരിഗണന കൂടാതെ നാടാര്‍സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം വേണം എന്നാവശ്യപ്പെട്ട് മലങ്കര നാടാര്‍ കാത്തലിക് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് കവാടത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും പ്രതിനിധികള്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാതോലിക്ക ബാവ. തിരുവനന്തപുരം മേജര്‍ അതിരൂപത ചീഫ് വികാരി ജനറാള്‍ മോണ്‍. ജയിംസ് പാറവിള,ജോര്‍ജ് മേഴ്സിയര്‍ എം.എല്‍.എ, ഫാ.വര്‍ഗീസ് കൈതോളില്‍,ഫാ. ജോര്‍ജ് ജോഷ്വ കന്നിലേത്ത്, പാറശാല വൈദിക ജില്ലാ വികാരി ഫാ. സെബാസ്റ്റ്യന്‍ കണ്ണന്താനം, നാടാര്‍ മൂവ്മെന്റ് കണ്‍വീനര്‍ സി.എസ് കുമാര്‍, പി.പൗലോസ്, ധര്‍മ്മരാജ് വെണ്‍കുളം, എല്‍.തങ്കരാജ്, ക്രിസ്തുദാസ് നെടുമങ്ങാട്, വനിതാ പ്രതിനിധി സരോജിനി എന്നിവര്‍ സമരത്തിനു നേതൃത്വം കൊടുത്തു. മലങ്കര നാടാര്‍ സമൂഹം സമരം ചെയ്യുന്നത് ഓന്നോ രണേ്ടാ പള്ളിക്കു വേണ്ടിയല്ല. ഭരണഘടന ഉറപ്പാക്കിയ അവകാശങ്ങള്‍ എല്ലവര്‍ക്കും കിട്ടാനാണ്. ഞങ്ങള്‍ ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഇവിടെയും ബാധകമാക്കണമെന്നാണ്. ആവശ്യം നീതിയാണെന്ന് ഇപ്പോഴത്തെ ഭരണക്കാരും മുന്‍ഭരണക്കാരും സമ്മതിക്കുന്നു.എന്നാല്‍ നീതി നടപ്പാക്കുന്നില്ല. മതം നോക്കിയല്ല,വിശ്വാസികള്‍ പോകുന്ന പള്ളി നോക്കിയല്ല ഭരണഘടന സംവരണംനിശ്ചയിച്ചത് സാമുദായികവും സാമ്പത്തികവുമായ കാരണങ്ങള്‍ കൊണ്ടാണ്. നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും സംവരണത്തിന് അര്‍ഹരാണ്. ഞങ്ങള്‍ പ്രക്ഷോഭണം നടത്തുന്നത് ഏതാനും പള്ളികള്‍ക്കു വേണ്ടിയല്ല. സമുദായത്തിനാകെ വേണ്ടിയാണ് അദ്ദേഹം പറഞ്ഞു. നികുതി പിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജാതി നോക്കുന്നില്ലല്ലോ?. തെരഞ്ഞെടുപ്പുകാലത്ത് ഉണര്‍ന്നാല്‍ മതിയെന്ന് കരുതുന്ന നേതാക്കന്മാര്‍ക്ക് ഒരു താക്കീതാണ് ഈ അമ്മമാര്‍. അവര്‍ക്കു സംവരണമാണ് നിഷേധിച്ചിട്ടുള്ളത്, വോട്ടവകാശമല്ല. കാതോലിക്കബാവ ഓര്‍മ്മിപ്പിച്ചു. മലങ്കര നാടാര്‍ മൂവ്മെന്റിന്റെ ആവശ്യം തികച്ചും ന്യായമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ജോര്‍ജ് മേഴ്സിയര്‍ എം.എല്‍.എ പറഞ്ഞു.