“ഞാന്‍ നിന്നോടു കൂടെയുണ്ട്, നീ എന്തിനു ഭയപ്പെടണം” എന്ന വാക്യമാണ് പുതിയ ദൗത്യമേറ്റെടുക്കുമ്പോള്‍ തനിക്ക് ശക്തിപകരുന്നതെന്ന് വരാപ്പുഴ നിയുക്ത ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍. വിശ്വാസികളുടെ മനസും പ്രാര്‍ഥനയും എന്നോടൊപ്പം ഉണ്ടെന്നുള്ളത് എനിക്ക് ആത്മവിശ്വാസം പകരുന്നു. മെത്രാപ്പോലീത്തയായിരുന്ന കേളന്തറ പിതാവിനൊപ്പം ഏഴുവര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും പുതിയ നിയോഗത്തിന് മുതല്‍ക്കൂട്ടാകുമെന്നുള്ള ഉറച്ച വിശ്വാസമാണുള്ളത്. കോട്ടപ്പുറം ബിഷപ്സ് ഹൗസില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പീസ് കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ രൂപത ചാന്‍സലര്‍ റവ.ഡോ. നിക്സണ്‍ കാട്ടാശേരി പരിശുദ്ധ സിംഹാസനത്തില്‍നിന്നുള്ള നിയമനവാര്‍ത്ത വായിക്കുമ്പോള്‍ സമ്മിശ്രപ്രതികരണമായിരുന്നു. സന്തോഷത്തോടൊപ്പം ദുഃഖവും തളം കെട്ടിയ വേദിയായി പ്രഖ്യാപനചടങ്ങ് മാറി. 22 വര്‍ഷക്കാലം തൊണ്ണൂറായിരത്തോളം വിശ്വാസികള്‍ നെഞ്ചോടുചേര്‍ത്ത് സ്നേഹിച്ച കല്ലറയ്ക്കല്‍ പിതാവ് ആര്‍ച്ച്ബിഷപ്പായതിന്റെ സന്തോഷത്തോടൊപ്പം ഇവിടെ നിന്നും യാത്രയാകുന്നതിന്റെ ദുഃഖവും അവര്‍ മറച്ചുവച്ചില്ല.