Monday, February 15, 2010

മാര്‍ ബോസ്കോ പുത്തൂര്‍ നേരായ പാതയില്‍ നയിക്കുന്ന വ്യക്തിത്വം: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

സഭയേയും സമൂഹത്തേയും നേരായ പാതയില്‍ നയിക്കു ന്ന വ്യക്തിത്വമാണ്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയാ ബിഷപ്പായി അഭിഷിക്തനായ മാര്‍ ബോസ്കോ പുത്തൂരെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. മെത്രാഭിഷേക ചടങ്ങില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും സന്തോഷിക്കുന്ന സുദിനമാണിന്ന്‌. സുഗന്ധം പരത്താന്‍ നിയോഗിക്കപ്പെട്ട പിതാവാണ്‌ മാര്‍ ബോസ്കോ പുത്തൂരെന്ന്‌ അദ്ദേഹം പറഞ്ഞു. സഭയെ കൂട്ടായ്മയിലെത്തിക്കാന്‍ മികച്ച പങ്കു വഹിച്ച വ്യക്തിത്വമാണ്‌. പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണത്തോടെ പറപ്പൂര്‌ ചരിത്രം തിരുത്തിക്കുറിക്കുകയാണ്‌, തൃശൂര്‍ അതിരൂപത മാത്രമല്ല, സീറോ മലബാര്‍ സഭയിലും ആഗോളസഭയിലും സൗരഭ്യം പരത്തുന്ന വ്യക്തിത്വമാണ്‌ പുതി യ ബിഷപ്പിന്റേത്‌. സ്വര്‍ണത്തിന്റെ മാറ്ററിയാവുന്ന തൃശൂരുകാര്‍ക്ക്‌ ലഭിച്ച വൈഡൂര്യമാണ്‌ പിതാവ്‌. സഭയ്ക്ക്‌ ആവശ്യമുള്ളപ്പോള്‍ അനുയോജ്യരായ ഇടയന്മാരെ നല്‍കി ദൈവം അനുഗ്രഹിച്ചിട്ടുണ്ട്‌. മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനായി പണ്ഡിതനായ, കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനാവുന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, കൂരിയായില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാളെയാണ്‌ സഭയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌.മികച്ച കഴിവുകള്‍ക്ക്‌ ഉടമയായ മാര്‍ ബോസ്കോ പിതാവ്‌ ഉയര്‍ന്ന സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടാന്‍ അല്‍പം കാലതാമസം വന്നുവോയെന്ന സംശയം മാത്രമേയുള്ളു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം മെത്രാന്‍മാരുടെ മെത്രാനായിത്തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആശംസിച്ചു.