Tuesday, February 16, 2010

സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നു: ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

പുതിയ മദ്യനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപത സന്യാസിനിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവികേന്ദ്രീകരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത്‌ മദ്യഷാപ്പുകള്‍ അനുവദിക്കുന്നതില്‍ അധികാര കേന്ദ്രീകരണമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. മദ്യത്തിലൂടെ സര്‍ക്കാര്‍ സംഭരിക്കുന്നത്‌ രക്തത്തിന്റെ വിലയാണ്‌. പാപബോധവും പശ്ചാത്താപവും നഷ്ടപ്പെട്ടവര്‍ സമൂഹത്തിന്‌ ആപത്താണ്‌ - അദ്ദേഹം പറഞ്ഞു. രൂപത പ്രസിഡന്റ്‌ ഡോ. എ.ടി ദേവസ്യ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ്‌ വെള്ളമരുതുങ്കല്‍, ഫാ. പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, സിസ്റ്റര്‍ ജോസ്ലിന്‍, ജോസ്‌ ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു. സംഗമം 17-നു സമാപിക്കും.