Tuesday, February 16, 2010

സാമൂഹ്യനീതിയുടെ പുനഃസ്ഥാപനത്തിന്‌ കേന്ദ്രം തീരുമാനമെടുക്കണം: ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

സാമൂഹ്യനീതി നിഷേധിക്കപ്പെട്ട രാജ്യത്തെ ദളിത്‌ ക്രൈസ്തവര്‍ അടക്കമുള്ള അടിസ്ഥാനവര്‍ഗ മതവിശ്വാസികള്‍ക്ക്‌ നീതി ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന്‌ പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂര്‍ രൂപതയുടെ നേതൃത്വത്തില്‍ പത്തനാപുരം സെന്റ്‌ സേവ്യേഴ്സ്‌ വിദ്യാനികേതന്‍ ആനിമേഷന്‍ സെന്ററില്‍ ചേര്‍ന്ന ‘ജസ്റ്റീസ്‌ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും സാമൂഹ്യനീതിയും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നായി മുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ മൂന്നു ഘട്ടങ്ങളിലായാണ്‌ നടന്നത്‌. ഉദ്ഘാടനസമ്മേളനത്തില്‍ പുനലൂര്‍ രൂപതാ ചാന്‍സിലര്‍ ഡോ.ജോണ്‍സണ്‍ ജോസഫ്‌, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി കുളക്കായത്തില്‍, കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രന്‍, പുനലൂര്‍ സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടര്‍ ഡോ.റോയി പ്രകാശ്‌, ബി സിംസണ്‍, ഫാ.ജോയി ശാമുവല്‍, ശൂരനാട്‌ ഗ്രിഗറി, ഷാജി ജോര്‍ജ്‌, അഡ്വ.പി ജെറോം, സി.ആര്‍ നജീബ്‌ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ആന്റണി അമ്പാട്ട്‌ വിഷയം അവതരിപ്പിച്ചു.