കേരളത്തിലെ സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ അഫിലിയേഷന്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്സിറ്റിയും മുന്‍പോട്ട്‌വച്ചിരിക്കുന്ന നിബന്ധനകള്‍ മതന്യൂനപക്ഷ വിരുദ്ധവും പ്രതികാരപരവുമാണെന്ന് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ആരംഭിച്ചതു മുതല്‍ സ്വാശ്രയ വിദ്യാഭ്യസരംഗത്തു അനാവശ്യമായും വിവേചനപരമായും നടപ്പാക്കുവാന്‍ ശ്രമിച്ച പരിഷ്കാരങ്ങള്‍ പല നിയമ യുദ്ധങ്ങള്‍ വഴി പരാജയപ്പെട്ടിട്ടും വീണ്ടും അവിടെ പ്രതിസന്ധി സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു തുരങ്കം വയ്ക്കുന്ന നടപടി അപലപനീയമാണ്.ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രയോജനപ്പെടുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയെടുക്കണമെന്ന പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് യോഗം അയച്ചുകൊടുത്തു.സംസ്ഥാന പ്രസിഡന്റ് എം.ഡി ജോസഫ് മണ്ണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രഫ.കെ.കെ ജോണ്‍,ടോമി തുരുത്തിക്കര,അഡ്വ.ബിജു സെബാസ്റ്റ്യന്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മാത്യു മടുക്കക്കുഴി, ബേബി മാത്യു, കെ.റ്റി തോമസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു.