Tuesday, March 2, 2010

ഖാദി ഉത്പന്നങ്ങള്‍ മൂല്യങ്ങളുടെ പ്രതീകം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ഖാദി ഉത്പന്നങ്ങള്‍ മൂല്യങ്ങളുടെ പ്രതീകമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ശാസ്ത്രിറോഡിലെ ഖാദിഗ്രാമോദ്യോഗ്‌ ഭവനില്‍ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള -ഖാദി ഗ്രാമോത്സവ്‌- ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭകര്‍ക്ക്‌ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെങ്കിലും വിപണനം ചെയ്യാന്‍ സാധിക്കാത്തത്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. ഉത്പാദനവും വിപണനവും കോര്‍ത്തിണക്കിക്കൊണ്ടുപോയാല്‍ മാത്രമേ വ്യവസായ വളര്‍ച്ച സാധിക്കൂ. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഖാദി ഗ്രാമോത്സവ വേദികള്‍ മാറണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ചാസ്‌ പ്രസിഡന്റ്‌ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ കെവിഐസി സംസ്ഥാന ഡയറക്ടര്‍ കെ.മോഹന്‍ രാജു മേള ഉദ്ഘാടനം ചെയ്തു. ചാസ്‌ സെക്രട്ടറി ഫാ.ജേക്കബ്‌ കാട്ടടി, ഫാ.അനില്‍ കരിപ്പിങ്ങാംപുറം, കോട്ടയം നഗരസഭാധ്യക്ഷ ബിന്ദു സന്തോഷ്‌ കുമാര്‍, ജോണ്‍ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.