Monday, March 1, 2010

രാഷ്ട്രീയക്കാരില്‍നിന്നുള്‍പ്പെടെ പണം വാങ്ങി: ജോമോന്‍

അഭയാ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രമുഖ രാഷ്ട്രീയനേതാക്കളില്‍നിന്നും വിദേശ മലയാളികളില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ടെന്ന്്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീം കോടതിയെ അറിയിച്ചു. മൊത്തം 4,42,276 രൂപ സഹായമായും വേറെ ഒരു ലക്ഷം രൂപ വായ്പയായും നല്‍കിയ 43 പേരുടെ പട്ടിക ഇദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആറാം ക്ലാസില്‍ തന്റെ വിദ്യാഭ്യാസം മുടങ്ങിയെന്ന്‌ ജോമോന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. മുന്‍ എംപി സുരേഷ്‌ കുറുപ്പ്്‌ അടക്കം ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വക്കീലന്മാര്‍ക്ക്്‌ 2,27,000 രൂപ ഫീസ്‌ നല്‍കിയെന്നും ജോമോന്‍ വിശദീകരിച്ചിട്ടുണ്ട്‌. എസ്‌. കൃഷ്ണമൂര്‍ത്തി മാത്രം സൗജന്യമായാണ്‌ നിയമസഹായം നല്‍കിയത്‌. അമേരിക്കന്‍ ഡോളറായും രൂപയായും കിട്ടിയ 20,000 മുതല്‍ 3,000 രൂപ വരെ സംഭാവനകള്‍ മാത്രമേ ആക്്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്റെ പട്ടികയിലുള്ളൂ. പി.സി ജോര്‍ജ്‌ എംഎല്‍എയില്‍നിന്നു കിട്ടിയ ഒരു ലക്ഷം രൂപയുടെ വായ്പ പല തവണയായി തിരിച്ചുകൊടുത്തെന്നും വിശദീകരണമുണ്ട്‌. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബിജെപി നേതാക്കളായ പി.എസ്‌ ശ്രീധരന്‍പിള്ള, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സിപിഎം നേതാക്കളും മുന്‍ മന്ത്രിമാരുമായ ടി.കെ രാമകൃഷ്ണന്‍, ലോനപ്പന്‍ നമ്പാടന്‍, വര്‍ക്കല രാധാകൃഷ്ണന്‍, സാജു പോള്‍ എംഎല്‍എ, സേവ്യര്‍ അറയ്്ക്കല്‍, പി.സി ചെറിയാന്‍ മടുക്കാനി, കേരള കോണ്‍ഗ്രസ്‌ നേതാക്കളായ പി.സി ജോര്‍ജ്‌, ടി.വി ഏബ്രഹാം, എന്‍സിപി നേതാക്കളായ മാണി സി. കാപ്പന്‍, തോമസ്‌ ചാണ്ടി എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പണം നല്‍കി അഭയാകേസ്‌ നടത്തിപ്പിനെ സഹായിച്ചെന്നാണ്‌ വെളിപ്പെടുത്തല്‍. ഇവര്‍ക്കു പുറമേ മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു, ജോസഫ്‌ പുലിക്കുന്നേല്‍, ക്രൈം വാരിക എഡിറ്റര്‍ ടി.പി നന്ദകുമാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്‌. ബിഷപ്പുമാരായ പൗലോസ്‌ മാര്‍ പൗലോസ്‌, യൂഹാനോന്‍ മാര്‍ ഫിലിക്സിനോസ്‌, വൈദികരായ കെ.എ ഏബ്രഹാം, തോമസ്‌ വിരുത്തിയില്‍, കെ.വി പൗലോസ്‌, ജോസഫ്‌ കൊച്ചുതാഴം എന്നിവരും ജോമോന്‌ പണം നല്‍കി സഹായിച്ചവരുടെ പട്ടികയിലുണ്ട്‌. ഒരു ലക്ഷം വായ്്പയ്ക്കു പുറമേ പി.സി ജോര്‍ജ്‌ 20,000 രൂപയും നല്‍കിയിട്ടുണ്ട്‌. ചെന്നിത്തല 15,000 രൂപ നല്‍കി. പിസി ചെറിയാന്‍ മടുക്കാനിയും ക്രൈം നന്ദകുമാ റും 20,000 രൂപ നല്‍കിയവരുടെ പട്ടികയിലുണ്ട്‌. ലോനപ്പന്‍ നമ്പാടന്‍, ടി.കെ രാമകൃഷ്ണന്‍, വര്‍ക്കല രാധാകൃഷ്ണന്‍, സാജു പോള്‍, തോമസ്‌ ചാണ്ടി, മാണി സി. കാപ്പന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ഇ.കെ ഹസന്‍കുട്ടി, യൂഹാനോന്‍ മാര്‍ ഫിലിക്സിനോസ്‌, ജോസഫ്‌ പുലിക്കുന്നേല്‍, വഴിയച്ചന്‍, ഫാ. കെ.എ ഏബ്രഹാം തുടങ്ങിയവര്‍ 10,000 രൂപ വീതവും മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു, ശ്രീധരന്‍പിള്ള, പൗലോസ്‌ മാര്‍ പൗലോസ്‌, സേവ്യര്‍ അറയ്ക്കല്‍, ടി.വി ഏബ്രഹാം, ഫാ. കൊച്ചുതാഴം തുടങ്ങിയവര്‍ 5,000 രൂപ വീതവുമാണ്‌ നല്‍കിയത്‌. ജോമോനെതിരേ കേരള ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ്‌ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. ഹൈക്കോടതി ഉത്തരവ്‌ സ്റ്റേ ചെയ്തെങ്കിലും ജോമോനോട്‌ അന്വേഷണ വിഷയങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പൗരനെന്ന നിലയിലുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ്‌ തന്നെക്കുറിച്ചുള്ള അന്വേഷണത്തിലെ വിഷയങ്ങളെന്ന്‌ ജോമോന്‍ പറയുന്നു. 2008 ഓഗസ്റ്റിലാണ്‌ ജോമോനെതിരേ അന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരം പേരൂര്‍ക്കട ശാഖയില്‍ ഒരു സേവിംഗ്്സ്‌ അക്കൗണ്ട്‌ മാത്രമേയുള്ളൂ. ഇതില്‍ വെറും 1,100 രൂപയാണ്‌ നീക്കിയിരുപ്പ്‌. കുടുംബസ്വത്തായി ആറു സെന്റ്‌ സ്ഥലം മാത്രമാണ്‌ കിട്ടിയത്‌. സ്വന്തമായി ബുക്ക്‌ പ്രസിദ്ധീകരണ ശാല നടത്തുന്നതും ടെലിവിഷനുകളിലും മറ്റമുള്ള ചര്‍ച്ചകള്‍ക്കു കിട്ടുന്ന പ്രതിഫലവുമാണ്‌ തന്റെ വരുമാനമെന്നും ജോമോന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്്‌. അമേരിക്കന്‍ മലയാളികളായ ജോസ്‌ പുല്ലാപ്പള്ളി നല്‍കിയ 1,100 ഡോളറും ബിനു അലക്്സ്‌ നല്‍കിയ 300 ഡോളറും മാത്രമാണ്‌ വിദേശത്തുനിന്നു കിട്ടിയ സാമ്പത്തിക സഹായമായി സത്യവാങ്ങ്്മൂലത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.വിദേശത്തുനിന്നു പണം കിട്ടുന്നുണ്ടോയെന്ന ചോദ്യം ഭരണഘടനയുടെ 21-ാ‍ം വകുപ്പനുസരിച്ചുള്ള പൗരന്റെ മൗലികാവകാശ ലംഘനമാണെന്ന്‌ സത്യവാങ്മൂലത്തില്‍ പറയുന്നു.