ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി കോടതി റദ്ദു ചെയ്ത സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ വകുപ്പുകള്‍ ഇപ്പോഴും ബലംപ്രയോഗിച്ചു പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കി മന്ത്രി ഉത്തരവു പുറപ്പെടുവിച്ച് അസം ബ്ലിയില്‍ അറിയിച്ചെങ്കിലും മറ്റു മേഖലകളിലെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ സമാനമായ ഉത്തരവുകള്‍ നിലനില്‍ക്കുകയാണ്.ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍നിന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുകൊള്ളാമെന്നുള്ള കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ അഫിലിയേഷന്‍ തുടര്‍ന്നു നല്‍കുകയുള്ളുവെന്ന എം.ജി. യൂണിവേഴ്സിറ്റിയുടെ ഉത്തരവ് അതുപോലെതന്നെ ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും കോടതിവിധികള്‍ക്കെതിരുമാണ്. കോളേജുകളില്‍ നടക്കുന്ന സ്വാശ്രയ കോഴ്സുകള്‍ തുടര്‍ന്നു നടത്തണമെന്നുണ്ടെങ്കിലും ഇതുപോലെ ഭരണഘടനാവിരുദ്ധവും കോടതിവിധികള്‍ക്കു വിരുദ്ധവുമായ കരാറുകള്‍ ഒപ്പുവയ്ക്കണമെന്ന ഉത്തരവും പിന്‍വലിക്കേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ ഭരണഘടനാവിരുദ്ധമായ കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ അവയുടെ അഫിലിയേഷന്‍ റദ്ദുചെയ്തത് പുനസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അസംബ്ലിയില്‍ പ്രസ്താവിച്ചുവെങ്കിലും നടപ്പിലാക്കിയില്ല. കോടതി വിധികളിലൂടെയാണ് ഈ പീഡനം മറികടന്നത്. ഇപ്പോഴും സമാനമായ ഉത്തരവുകള്‍ യൂണിവേഴ്സിറ്റികള്‍ പുറപ്പെടുവിക്കുന്നത് ഖേദകരമാണ്. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ 50% അധ്യാപകരെ പ്രൊട്ടക്റ്റഡ് അധ്യാപകരില്‍ നിന്നു നിയമിക്കണമെന്ന ഉത്തരവും ന്യൂനപക്ഷ എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാത്തതും ഇതുപോലെ തന്നെ ഭരണഘടനാവിരുദ്ധവും അംഗീകരിക്കാനാവാത്തതുമായ നിലപാടുകളാണ്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നീക്കങ്ങള്‍ക്കെല്ലാം പരിഹാരം തേടി കോടതിയില്‍ പോയി സമയവും സമ്പത്തും നഷ്ടപ്പെടുത്തേണ്ട ഗതികേടിലാണ് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍. കേവല വാഗ്ദാനങ്ങള്‍ക്കുപകരം പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം: കമ്മീഷന്‍ ആവശ്യപ്പെട്ടു.