Wednesday, March 10, 2010

സര്‍ക്കാരുമായി വിദ്യാഭ്യാസ ചര്‍ച്ച: സഭ വീഴ്ചവരുത്തിയിട്ടില്ലെന്ന്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള ചില നിര്‍ദേശങ്ങള്‍ സഭ നേരത്തെ മുന്നോട്ടുവച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന്‌ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. ഇക്കാര്യത്തില്‍ സഭയുടെ ഭാഗത്തുനിന്ന്‌ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി തുടര്‍ന്നും ക്രിയാത്മക ചര്‍ച്ചയ്ക്ക്‌ സഭ സന്നദ്ധമാണ്‌. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ പുതിയ കോഴ്സുകള്‍ അനുവദിക്കൂ എന്ന നിലപാടുകൊണ്ട്‌ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ കരുതുന്നില്ലെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുമ്പോള്‍ തുറന്ന ചര്‍ച്ചയും അഭിപ്രായ സമന്വയവും ആവശ്യമാണ്‌. മുമ്പത്തെ അപേക്ഷിച്ച്‌ ചര്‍ച്ച ആവശ്യമാണെന്ന ഒരു ബോധ്യമെങ്കിലും ഇപ്പോള്‍ സര്‍ക്കാരിന്‌ ഉണ്ടായിട്ടുണ്ട്‌. ഇത്‌ പ്രശ്നപരിഹാരത്തിനുള്ള അനുകൂല സാഹചര്യമായാണ്‌ കാണുന്നത്‌. പ്രവേശന പരീക്ഷകളില്‍ സുതാര്യമായ മാര്‍ഗം സ്വീകരിക്കുന്നതിനെ സഭ സ്വാഗതം ചെയ്യുന്നു. അപാകതയുണ്ടെങ്കില്‍ പരിഹരിക്കണം. സര്‍ക്കാരുമായി സംഘട്ടനമില്ലാതെ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. അതുപോലെതന്നെ സുതാര്യമായ ഒരു പ്രവേശനരീതിക്കൊപ്പം പഠനത്തിന്‌ എല്ലാവര്‍ക്കും സാഹചര്യവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ അവസരവും ഉണ്ടാകണമെന്നാണ്‌ സഭയുടെ ആഗ്രഹവും നിലപാടും. നിര്‍ഭാഗ്യവശാല്‍ ഇത്‌ ഇവിടെ സാധ്യമാകുന്നില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ കുട്ടികളുടേയും പഠനച്ചെലവ്‌ ഒരു വിഭാഗത്തിന്റെ മാത്രം ചുമലില്‍കെട്ടിവയ്ക്കുന്നത്‌ ശരിയല്ല- അദ്ദേഹം പറഞ്ഞു.