Tuesday, March 9, 2010

സ്ത്രീയായതുകൊണ്ട്‌ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാലം കഴിഞ്ഞു: മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ

സ്ത്രീയായതുകൊണ്ട്‌ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാലം കഴിഞ്ഞുവെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ പറഞ്ഞു.സ്ത്രീകള്‍ സമൂഹത്തിന്റെ സമ്പത്താണ്‌. സ്ത്രീയുടെ നന്മകള്‍ പൊതു സമൂഹത്തിന്‌ നേരിട്ട്‌ ലഭിക്കുന്ന കാലമാണ്‌ ഇനി വരാന്‍ പോകുന്നത്‌. മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സാര്‍വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച്‌ തമലം സേക്രഡ്‌ ഹാര്‍ട്ട്‌ ഓഡിറ്റോറിയത്തില്‍ നടത്തിയ മഹിളോത്സവം പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുക യായിരുന്നു കാതോലിക്ക ബാവ. അമ്മ വീടിന്റെ വിളക്കാണ്‌ എന്ന്‌ പറഞ്ഞാല്‍ യൂറോപ്യന്‍കാര്‍ക്ക്‌ മനസിലാകില്ല. അതെല്ലാം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്‌. ഉത്തമമായ നേതൃത്വം നല്‍കുന്നതിന്‌ സ്ത്രീ സമൂഹം സജ്ജരാകണം.സ്ത്രീ സംവരണം വരുന്നത്‌ വഴി സമൂഹത്തിന്‌ ഗുണപരമായ മാറ്റങ്ങളുണ്ടാകണം. മാനുഷികമൂല്യങ്ങള്‍ക്ക്‌ ഒന്നാം സ്ഥാനം കല്‍പിക്കണം. അധികാരികള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും അധികാരത്തിന്റെ കരുതല്‍ ഉണ്ടാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു. കുടുംബകാര്യങ്ങള്‍ മുതല്‍ രാജ്യഭരണം വരെ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക്‌ കഴിയട്ടെ എന്നും കാതോലിക്ക ബാവ ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഡയറക്ടര്‍ ഫാ.വില്‍സണ്‍ തട്ടാരുതുണ്ടില്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.രാജശേഖരന്‍, ജില്ലാ വ്യവസായ കേന്ദ്രം എക്സ്റ്റംഗ്ഷന്‍ ഓഫീസര്‍ വിനോദ്‌ കുമാര്‍, ഫാ.ശാന്തന്‍ ചരുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.