Friday, March 12, 2010

കള്ളില്ലാത്ത നാട്ടില്‍ വ്യാജക്കള്ള്‌ വില്‍ക്കാന്‍ റ്റോഡി പാര്‍ലറുകള്‍: കെസിബിസി മദ്യവിരുദ്ധ സമിതി

സംസ്ഥാനത്തെ മുഴുവന്‍ തെങ്ങുകളും പനകളും ചെത്തിയാലും മുഴുവന്‍ സമയവും വില്‍ക്കാനുള്ള കള്ള്‌ ഷാപ്പുകളില്‍ കിട്ടില്ലെന്നിരിക്കെ ജില്ലാടിസ്ഥാനത്തില്‍ വ്യാജകള്ള്‌ നിര്‍മിച്ച്‌ വില്‍ക്കുവാനാണ്‌ പുതിയ ടോഡി പാര്‍ലറുകള്‍ അനുവദിക്കുന്ന അബ്കാരി നയമെന്ന്‌ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. തൊഴില്‍ സംരക്ഷിക്കാന്‍ കള്ളില്ലാതെ കള്ള്‌ വില്‍ക്കപ്പെടുന്ന സമ്പ്രദായം നിര്‍ത്തിവയ്ക്കണം. ദൂരപരിധി ലംഘിച്ചും കള്ളിലാതെ വന്നതിനാല്‍ 2002 ല്‍ നിര്‍ത്തലാക്കിയ ഷാപ്പുകള്‍ പുനരാരംഭിച്ച നടപടി പിന്‍വലിക്കണം. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഷാപ്പുകളും ഉപഷാപ്പുകളും എല്ലാം നമ്പരിട്ട്‌ ഷാപ്പുകളായി മാറിയിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ എത്ര ഷാപ്പുകള്‍ ഉണ്ടെന്നും ഷാപ്പുകളില്‍ ഇതിനുള്ള കള്ള്‌ എവിടെനിന്നു ലഭിക്കുന്നു എന്നുള്ളതും കള്ളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്താണെന്നും പൊതുജനത്തിന്‌ വ്യക്തമാക്കിക്കൊടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.25 ന്‌ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ ഏകദിന ഉപവാസം നടത്തും.ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, ഡോ.സെബാസ്റ്റ്യന്‍ ഐക്കര, ആന്റണി ജേക്കബ്‌, സിസ്റ്റര്‍ ജോവിറ്റ, യോഹന്നാന്‍ ആന്റണി, സാറാമ്മ ജോസഫ്‌, ജോബ്‌ കാട്ടുകടവില്‍, ടി.എല്‍ പൗലോസ്‌, തോമസ്‌ ചെറിയാന്‍, ജോയിംസ്‌ കൊറമ്പേല്‍, മാത്യു എം. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.