ലോകത്തിലെ മൂന്ന് ക്ലാസിക്കല്‍ ഭാഷകളില്‍ ഒന്നായിട്ടും ലത്തീന്‍ ഭാഷയ്ക്ക് അവഗണനയാണെന്നും വേണ്ടവിധത്തില്‍ പരിപോഷിപ്പിക്കപ്പെടുന്നില്ലെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ.സൂസപാക്യം അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാലയും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ലത്തീന്‍ വകുപ്പും സംയുക്തമായി, ലത്തീന്‍ ഭാഷയും ലോക സംസ്കാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലത്തീന്‍ ഒരു വിദേശ ഭാഷയല്ല. അതിന്റെ പ്രാധാന്യം ഇല്ലാതായിട്ടുമില്ല. താന്‍ ജനിച്ചുവളര്‍ന്നതുതന്നെ സാധാരണക്കാര്‍ ലത്തീന്‍ പ്രാര്‍ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്ന ഒരു സമൂഹത്തിലാണ്. തന്റെ ഗ്രാമത്തില്‍ ലത്തീന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. ഒരുകാലത്ത് ലോകമെമ്പാടും ഉപയോഗിച്ചിരുന്നതായിട്ടും ഇന്ന് കത്തോലിക്കാ സഭ മാത്രമാണ് ലത്തീന്‍ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത്. വൈദികപഠന കാലത്ത് അവധിക്കു വരുമ്പോള്‍ ലത്തീന്‍ ശരിക്കു പഠിക്കുന്നുണ്ടോ എന്നറിയാന്‍ തന്റെ പിതാവ് ലത്തീന്‍ സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. ഉന്നതപഠന കാര്യത്തില്‍ ഭാഷകളും ആര്‍ട്സ് വിഷയങ്ങളും അവഗണിക്കപ്പെടുകയാണെന്നും ഈ അവസ്ഥ മാറണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എ. ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.സണ്ണി ജോസ്, സിന്‍ഡിക്കറ്റംഗം ഡോ. സിറിള്‍ ജോണ്‍സണ്‍ എന്നിവരും പ്രസംഗിച്ചു. പ്രഫ. ഇവാന്‍ജെലിന്‍ ശാന്തി സ്വാഗതവും സെന്റ് സേവ്യേഴ്സ് കോളേജ് ലത്തീന്‍ വിഭാഗം മേധാവി റവ.ഡോ.ദാസപ്പന്‍ നന്ദിയും പറഞ്ഞു. പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവരും പങ്കെടുത്തു.