Thursday, March 11, 2010

നേട്ടങ്ങളെയും പുരോഗതിയെയും ദൈവത്തിന്റെ കരവേലയായി മനസിലാക്കണം: മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ

മനുഷ്യനുണ്ടാകുന്ന നേട്ടങ്ങളെ ദൈവത്തിന്റെ കരവേലയായി കാണാന്‍ കഴിയണം. ലോകത്തിലുണ്ടാകുന്ന വികസനത്തെയും പുരോഗതിയെയും മനുഷ്യകരങ്ങളുടെ വിസ്‌ മയമായി മാത്രം കണ്ടാല്‍ ആത്മീയ പ്രതിസന്ധിക്ക്‌ സാധ്യതയുണ്ടെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. അഞ്ചാമത്‌ അനന്തപുരി ബൈബിള്‍ കണ്‍വന്‍ഷന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. വളര്‍ച്ചയുടെ വേഗത കണ്ട്‌ സ്തംഭിച്ച്‌, ലോകത്തിനുണ്ടാകുന്ന മാറ്റം കണ്ട്‌ നിശ്ചലരായി നില്‍ക്കുകയാണ്‌ നാം. സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ മനുഷ്യബുദ്ധിയുടെ മികവായി അതിനെ കാണുകയാണ്‌ നാം. ഇതെല്ലാം മനുഷ്യന്റെ നേട്ടമായി കാണുമ്പോള്‍ ദൈവത്തിന്റെ കരവേലയെ മറക്കാന്‍ സാധ്യതയുണ്ട്‌. ജീവിതം മുഴുവന്‍ കര്‍ത്താവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്ന സമര്‍പ്പണം നമ്മിലുണ്ടാകണം. മനുഷ്യനായി അവതരിച്ച വചനത്തെ സ്വീകരിക്കാനും ജീവിക്കാനും അനുഭവത്തിലാക്കി സാക്ഷ്യം നല്‍കാനും നമുക്ക്‌ കഴിയണം. ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നത്‌ ഒരുമിച്ചാകുന്നുവെന്ന്‌ വചനം പറയുന്നു. ദൈവത്തിന്റെ ജീവന്‍ ലഭിച്ചത്‌ മനുഷ്യന്‌ മാത്രമാണ്‌.മറ്റുള്ളവയെ സൃഷ്ടിച്ചപ്പോള്‍ നന്നായിരിക്കുന്നു എന്നു മാത്രം പറഞ്ഞ ദൈവം മനുഷ്യ സൃഷ്ടി പൂര്‍ത്തിയായപ്പോള്‍ വളരെ നന്നായിരിക്കുന്നു എന്നു പറഞ്ഞു. തന്റെ ഛായയും സാദൃശ്യവുമാകുന്ന ജീവമുദ്ര നല്‍കിയാണ്‌ മനുഷ്യസൃഷ്ടി നടത്തിയത്‌.ഇത്രവലിയ സ്നേഹം, ഔദാര്യം, കരുണ മനുഷ്യനോട്‌ മാത്രമാണ്‌ ദൈവംകാണിച്ചത്‌.ദൈവഭയം അകല്‍ച്ചകൊണ്ടുണ്ടാകുന്നതല്ല, സ്നേഹം കൊണ്ടുണ്ടാകുന്നതാണ്‌.
കുടുംബങ്ങളില്‍, കൂട്ടായ്മകളില്‍, ഇടവകകളില്‍, വിശാലസമൂഹത്തില്‍, രാജ്യത്തുടനീളം സമാധാനവും സന്തുഷ്ടിയും കുറഞ്ഞുപോകുന്നതിനു പിന്നില്‍ ദൈവസ്നേഹവും ദൈവഭയവും ഇല്ലാത്തതാണ്‌ കാരണം. ദൈവസ്നേഹം മറന്ന്‌ മറ്റുള്ള അനന്തസാധ്യതകളെക്കുറിച്ച്‌ മാത്രം ചിന്തിക്കുമ്പോള്‍ ഏറ്റവും വലിയ സൃഷ്ടിയായ മനുഷ്യന്റെ സന്തോഷം സന്തുലനാവസ്ഥ, സംതൃപ്തി എന്നിവ കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണാന്‍ കഴിയുന്നതായി കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിന്റെ പ്രഭാവം പോലെതന്നെയാണ്‌ അവിടുത്തെ കാരുണ്യവുമെന്ന്‌ വചനം പറയുന്നു.വചനത്തിന്റെ സമൃദ്ധിയില്‍ ഹൃദയങ്ങളെ ഉയര്‍ത്താനുള്ള അവസരമായി കണ്‍വന്‍ഷനെ കാണണമെന്ന്‌ കാതോലിക്കാ ബാവ നിര്‍ദേശിച്ചു. ജീവിതക്രമത്തിന്റെ വിശുദ്ധീകരണവും വിപുലീകരണവും മൂല്യങ്ങളുടെ വീണ്ടെടുക്കലുമാണ്‌ വചനം പ്രഘോഷിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്‌.ത്രീത്വം നല്‍കുന്ന മാതൃക കൂട്ടായ്മയുടേതാണ്‌. ഈ കൂട്ടായ്മയിലാണ്‌ വചനം പ്രഘോഷിക്കപ്പെടുന്നത്‌. ഇത്‌ ദൈവത്തിന്റെ ശക്തിമൂലം സംഭവിക്കുന്നതാണ്‌.ഏതാനും വൈദികര്‍ക്കുവേണ്ടി മാര്‍പാപ്പ നടത്തിയ ആഹ്വാനമല്ല വൈദികവര്‍ഷാചരണം. സഭയുടെ ശുശ്രൂഷകള്‍ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണത്‌. യുഗാന്ത്യത്തോളം നമ്മോടൊത്തു വസിക്കുന്ന മിശിഹാ സ്ഥാപിച്ച തിരുസഭയുടെ ദൗത്യത്തെക്കുറിച്ച്‌ ,ശുശ്രൂഷകളെക്കുറിച്ച്‌, ബലഹീനരായ വൈദികരിലൂടെ ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ഓര്‍ക്കുന്നതിന്‌, അവര്‍ക്കുവേണ്ടി പ്രാര്‍ഥനയുടെ കരങ്ങള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള അവസരമാണിതെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു. കേരളത്തിലെ കത്തോലിക്കാസഭയില്‍ പുതുതായി അഭിഷിക്തരാകുന്ന വൈദിക മേലധ്യക്ഷന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും കാതോലിക്കാ ബാവ അഭ്യര്‍ഥിച്ചു.