സ്വന്തം ഭൂമിയില്‍ കൈ യേറ്റക്കാരെന്ന ദുഷ്പേരും പേറി പ്രവാസികളെ പോലെ ജീവിക്കുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി. മലയോര കര്‍ഷകരുടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം ഇടതുപക്ഷ സര്‍ക്കാരിന്റെ അനാസ്ഥയും രാഷ്ട്രീയക്കാരുടെ സ്ഥാപിത താത്പര്യങ്ങളും ഉദ്യോഗസ്ഥ മേധാവികളുടെ തെറ്റിദ്ധാരണകളും തെറ്റായ നടപടികളുമാണ്. നാനൂറിലേറെ വര്‍ഷത്തെ ചരിത്രമുള്ള മലയോര ജനത നിലനില്‍പ്പിനായി സംസ്ഥാന സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. 1968നു മുന്‍പ് കൃഷിക്കാര്‍ക്കു പതിച്ചു നല്‍കുന്നതിനായി റവന്യൂവകുപ്പിനു കൈമാറിയ ഭൂമിക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കു കീഴില്‍ പട്ടയം നല്‍കുക, 1.1.1977 മുന്‍പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും ഉപാധികളില്ലാതെ പട്ടയം നല്‍കുക, 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടങ്ങളിലെ ഭൂമി കൈമാറ്റം തടയുന്ന 15-ാം ചട്ടം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, മലയോര മേഖലയിലെ മുഴുവന്‍ ഭൂമിയും സര്‍വേ നടത്തി റവന്യൂ സെറ്റില്‍മെന്റ് നടത്തുക, സിഎച്ച്‌ആര്‍ കേസില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലത്തിലെ പിഴവുകള്‍ തിരുത്തി കേസ് കര്‍ഷകര്‍ക്കനുകൂലമായി തീര്‍പ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. മലയോര മേഖലയെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നും ഭൂമി കൈമാറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നുമുള്ള റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തിരുത്തുക, കര്‍ഷക വിരുദ്ധമായ മുഴുവന്‍ നിയമങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുക, പാരമ്പര്യസ്വത്തായി കിട്ടിയ ഭൂമിയില്‍ അന്തസായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ക്കും പരിഹാരം ആവശ്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,് ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.