Thursday, April 29, 2010

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന്‌ പദ്ധതികളുമായി കെസിബിസി മേയ്ദിന സന്ദേശം

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന്‌ പുത്തന്‍ പദ്ധതികളും അത്‌ നടപ്പാക്കാനുള്ള ആഹ്വാനവുമായി കെസിബിസിയുടെ മേയ്ദിന സന്ദേശം പുറത്തിറങ്ങി. കണക്കുകള്‍ ചൂണ്ടിക്കാട്ടിയും കാരിത്താസ്‌ ഇന്‍ വേരിത്താത്തെ(സത്യത്തില്‍ സ്നേഹം) എന്ന മാര്‍പാപ്പയുടെ ചാക്രികലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിവരിച്ചും രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ആത്മാര്‍ഥതയില്ലാത്ത നിലപാടിനെ വിമര്‍ശിച്ചുമാണ്‌ മേയ്ദിന സന്ദേശമായി ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്‌. കേരളത്തിലെ തൊഴില്‍ ശക്തിയിലെ 85ശതമാനം പേരെങ്കിലും അസംഘടിത തൊഴിലാളികളാണ്‌. ഇവരുടെ സംഘാടനത്തിനും ശാക്തീകരണത്തിനുമായി വേണ്ട പ്രകാരമുള്ള ശ്രമങ്ങള്‍ ദേശീയ ട്രേഡ്‌ യൂണിയനുകള്‍ എടുക്കുന്നില്ലായെന്നതാണ്‌ വസ്തുത. പല അസംഘടിത മേഖലകളിലും ട്രേഡ്‌ യൂണിയനുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. പക്ഷേ ഈ വിഭാഗം തൊഴിലാളികളുടെ ക്ഷേമവും വികസനവും എന്നതിനപ്പുറം മുദ്രാവാക്യം വിളിക്കാനും ജാഥ നടത്താനുള്ള അണികളെ സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്ന്‌ സംശയിക്കാനുള്ള സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്‌. നിര്‍മാണരംഗം പോലെയുള്ള ചില മേഖലകളില്‍ ട്രേഡ്‌ യൂണിയനുകള്‍ തൊഴിലിണ്റ്റെ കുത്തകക്കാരായി മാറിക്കൊണ്ട്‌ യഥാര്‍ഥ തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നിഷേധിക്കുന്ന പ്രവണതകളും വര്‍ധിച്ചുവരുന്നുണ്ട്‌. കൂടാതെ അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വത്തിണ്റ്റെ കുത്തകയും ട്രേഡ്‌ യൂണിയനുകള്‍ ഏറ്റെടുത്തുകൊണ്ട്‌ അര്‍ഹതയുള്ളവരെ ഒഴിവാക്കുന്ന രീതിയും കണ്ടുവരുന്നു. ഇത്തരം തെറ്റായ രീതികള്‍ തിരുത്തേണ്ടിയിരിക്കുന്നതായും ഇടയലേഖനം പറയുന്നു.കെസിബിസി. ലേബര്‍ കമ്മീഷണ്റ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെണ്റ്റ്‌ - കെഎല്‍എം. - വഴിയാണ്‌ കേരള കത്തോലിക്കാസഭ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. എല്ലാ തൊഴിലാളികളേയും സര്‍ക്കാര്‍ ക്ഷേമനിധികളില്‍ അംഗങ്ങളാക്കാനുള്ള കര്‍മപദ്ധതി ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കുക, ചികിത്സ ഇന്‍ഷ്വറന്‍സ്‌, അപകട ഇന്‍ഷ്വറന്‍സ്‌, പെന്‍ഷന്‍ പദ്ധതി എന്നിവയുടെയും ഗുണഭോക്താക്കളാക്കുക, തൊഴിലാളി സാമൂഹിക സുരക്ഷാക്ഷേമപദ്ധതികളെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട സഹായങ്ങളും മാര്‍നിര്‍ദേശങ്ങളും നല്‍കുക എന്നിവയും കെഎല്‍എം വഴി നടപ്പാക്കുന്ന പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. കെഎല്‍എമ്മിണ്റ്റെ നേതൃത്വത്തില്‍ എറണാകുളത്ത്‌ വര്‍ക്കേഴ്സ്‌ ഫെസിലിറ്റേഷന്‍ സെണ്റ്റര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ഈ വര്‍ഷാവസാനത്തോടെ കേരളത്തിലെ മറ്റു കേന്ദ്രങ്ങളില്‍കൂടി വര്‍ക്കേഴ്സ്‌ ഫെസിലിറ്റേഷന്‍ സെണ്റ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുവാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്‌. കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം , വൈസ്‌ ചെയര്‍മാന്‍മാരായ മാര്‍ ജയിംസ്‌ പഴയാറ്റില്‍, ഡോ. ജോസഫ്‌ കാരിക്കശേരി എന്നിവര്‍ ചേര്‍ന്നാണ്‌ ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്‌.