Thursday, April 29, 2010

വൈദികര്‍ക്കു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ മഹത്വമുള്ളവര്‍: മാര്‍ ജോര്‍ജ്‌ വലിയമറ്റം

പൌരോഹിത്യത്തിണ്റ്റെ വെല്ലുവിളികള്‍ വൈദികര്‍ക്കു നേരിടാന്‍ കഴിയുന്നതു അവരുടെ മാതാപിതാക്കളുടെയും സഭാ സമൂഹത്തിണ്റ്റെയും ശക്തമായ പ്രാര്‍ഥന മൂലമാണെന്നു തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. വൈദികര്‍ക്കു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ ഏറെ മഹത്വമുള്ളവരാണെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ തലശേരി അതിരൂപത പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ തലശേരി സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രലില്‍ നടന്ന അതിരൂപതയില്‍ സേവനമനുഷ്ടിക്കുന്ന വൈദികരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ വലിയമറ്റം. മിശിഹായുടെ മനസും ശരീരവും പ്രവര്‍ത്തന ശൈലിയും പൌരോഹിത്യ വര്‍ഷത്തില്‍ ഓരോ വൈദികനും പ്രത്യേകമായി ഉള്‍ക്കൊള്ളണം. വൈദിക വൃത്തി ദൈവത്തിണ്റ്റെ വലിയ ദാനമാണ്‌. സ്നേഹ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന വൈദികരെ അതിനു കാരണക്കാരാക്കി മാറ്റിയത്‌ അവരുടെ മാതാപിതാക്കളാണ്‌. മാതാപിതാക്കളുടെ വിശ്വാസ ജീവിതമില്ലായിരുന്നുവെങ്കില്‍ വൈദികര്‍ ഉണ്ടാകുമായിരുന്നില്ല. മാതാപിതാക്കള്‍ വൈദികരുടെ വിശുദ്ധി വളര്‍ത്തുകയും അവരുടെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യണം. ദൈവസേവനത്തിനായി മക്കളെ സമര്‍പ്പിച്ച മാതാപിതാക്കള്‍ക്കു ദൈവത്തിണ്റ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ദൈവവിളി കൊണ്ടു ധന്യമായ രൂപതയാണ്‌ തലശേരി അതിരൂപതയെന്നു വികാരി ജനറാള്‍ മോണ്‍ മാത്യു. എം ചാലില്‍ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ത്യാഗ പൂര്‍ണമായി സേവനമനുഷ്ഠിക്കുന്ന വൈദികരുടെ വലിയ നിര തന്നെ തലശേരി രൂപതയിലുണ്ട്‌. സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ പല വൈദികര്‍ക്കും തങ്ങളുടെ മാതാപിതാക്കളെ പോലും കാണാന്‍ സമയം കിട്ടാറില്ല. എന്നാല്‍ വൈദികര്‍ക്കു മാതാപിതാക്കളെ ഓര്‍ക്കാത്ത, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. ആരെല്ലാം മറന്നാലും സമര്‍പ്പിതരായ മക്കള്‍ അവരുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും. യേശുവിനെ പോലെ വിശ്വസ്തരായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ്‌ വൈദികരെന്നും മോണ്‍ മാത്യു എം ചാലില്‍ പറഞ്ഞു. കുടുംബമുള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച്‌ സമൂഹത്തെ സേവിക്കുന്നവരാണ്‌ വൈദികരെന്നു വികാരി ജനറാള്‍ മോണ്‍ ഡോ. ജോസഫ്‌ കരിനാട്ട്‌ പറഞ്ഞു. അവര്‍ എല്ലാവരുടെയും സ്വന്തമാണ്‌. തിരക്കു കാരണം കുടുംബ സംഗമത്തില്‍ വരാന്‍ കഴിയില്ലെന്നു പറഞ്ഞ വൈദികര്‍ പോലും അവസാന നിമിഷം മാതാപിതാക്കളോടൊപ്പം ഇവിടെയെത്തി. പിതാവിണ്റ്റെ വിളി കേട്ടാണു വൈദികരും മാതാപിതാക്കളും കുടുംബ സംഗമത്തിനെത്തിയതെന്നും മോണ്‍ ഡോ. ജോസഫ്‌ കരിനാട്ട്‌ പറഞ്ഞു. വൈദികരെ പ്രതിനിധീകരിച്ച്‌ ഫാ. ജോര്‍ജ്‌ നരിപ്പാറയും വൈദികരുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച്‌ ജോണ്‍ പടിഞ്ഞാറെമുറിയിലും പ്രസംഗിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിണ്റ്റ്‌ സെക്രട്ടറി ജോണി തോമസ്‌ വടക്കേക്കര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബേബി നെട്ടനാനിക്കല്‍ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍ മാത്യു എം. ചാലില്‍, മോണ്‍ ഡോ. ജോസഫ്‌ കരിനാട്ട്‌, ഫാ. മാത്യു വില്ലന്താനം, ഫാ. തോമസ്‌ ചെരുവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.