Monday, April 26, 2010

സമര്‍പ്പിതര്‍ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണം: മാര്‍ ജോസ്‌ പൊരുന്നേടം

സ്മരണകളുടെ നിറവില്‍ ദിവ്യകാരുണ്യ സന്യാസിനി സമൂഹം സുവര്‍ണ ജൂബിലി ആഘോഷിച്ചു. സമര്‍പ്പിതര്‍ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്ന്‌ മാനന്തവാടി രൂപത ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം. ദിവ്യകാരുണ്യ സന്യാസിനി സമൂഹത്തിണ്റ്റെ ബത്തേരിയില്‍ സ്ഥാപിതമായ കോണ്‍വെണ്റ്റിണ്റ്റെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ഉറവിടങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കാനുള്ള അവസരമാണ്‌ ജൂബിലി ആഘോഷത്തിലൂടെ ലഭിക്കുന്നതെന്ന്‌ ബിഷപ്‌ ഓര്‍മിപ്പിച്ചു. യേശുവാകുന്ന തായ്ത്തണ്ടിനോട്‌ ചേര്‍ന്നു ഫലം പുറപ്പെടുവിക്കുന്നവരായി മാറണമെന്നും ബിഷപ്‌ ഉത്ബോധിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്‌ അധ്യക്ഷത വഹിച്ചു. സന്യാസ വ്രതവാഗ്ദാനത്തിണ്റ്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട സിസ്റ്റര്‍ ഫുള്‍ജന്‍സി, സിസ്റ്റര്‍ എവരിസ്റ്റ്‌, സിസ്റ്റര്‍ കൊറ്റില്‍ഡ, സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ലൂസിയ എന്നിവരെ ബിഷപ്‌ അനുമോദിച്ചു. കടന്നുവന്ന വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമെന്നോണം പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തി സിസ്റ്റര്‍ ജോസിയ പ്രസംഗിച്ചു. സിസ്റ്റര്‍ ജോസ്‌ മേരി സ്വാഗതം പറഞ്ഞു. ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ഫാ. ജോര്‍ജ്‌ മമ്പള്ളില്‍, ഫാ. ജേക്കബ്‌ നരിക്കുഴി, ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറ, ഫാ. ജോജോ കുടക്കച്ചിറ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. സിസ്റ്റര്‍ ബെറ്റി തെരസ്‌, സിസ്റ്റര്‍ കാതറിന്‍, സിസ്റ്റര്‍ ലിറ്റില്‍മേരി, സിസ്റ്റര്‍ റോസ്‌, സിസ്റ്റര്‍ ആന്‍സ്ടോം, സിസ്റ്റര്‍ ഗ്ളോറി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോണ്‍വെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ പഠിച്ച്‌, വിവാഹം കഴിപ്പിച്ചു വിവിധ ജീവിതസാഹചര്യങ്ങളിലേക്കു കടന്നുപോയവരുടെ സംഗമവും നടന്നു. സംഗമത്തോടനുബന്ധിച്ച്‌ മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്‌ മൂലയില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കി.