Wednesday, April 28, 2010

സാങ്കേതിക തൊഴില്‍മേഖലയിലേക്ക്‌ യുവാക്കള്‍ കടന്നുവരണം: മാര്‍ ജോസ്‌ പൊരുന്നേടം

സാങ്കേതിക തൊഴില്‍ മേഖലകളിലേക്ക്‌ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്നും വൈറ്റ്‌ കോളര്‍ ജോലി മാത്രം തെരഞ്ഞെടുക്കുന്നത്‌ ഇന്നത്തെ കാലത്തിന്‌ യോജിച്ചതല്ലെന്നും മാനന്തവാടി രൂപത ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം. ദ്വാരക ലിറ്റില്‍ഫ്ളവര്‍ ഐടിസിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത വേഷമാണ്‌ നീല യൂണിഫോം. ബ്ളൂ കോളര്‍ ജോലിയെന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌.ലോകത്ത്‌ ഇന്ന്‌ നല്ല ഡിമാണ്റ്റുള്ള മേഖലയാണ്‌ ഇതെങ്കിലും വൈറ്റ്‌ കോളര്‍ ജോലി തെരഞ്ഞെടുക്കാനുള്ള തത്രപ്പാടില്‍ ഈ മേഖലക്ക്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന്‌ ബിഷപ്‌ പറ ഞ്ഞു. പുതിയ നൂറ്റാണ്ടില്‍ സാങ്കേതിക തൊഴില്‍മേഖല പോലെ പ്രാധാന്യമുള്ളതാണ്‌ കാര്‍ഷിക തൊഴില്‍ മേഖല. കഴിഞ്ഞ 25 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനമാണ്‌ വയനാടിണ്റ്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ദ്വാരക ലിറ്റില്‍ ഫ്ളവര്‍ ഐടിസി നല്‍കുന്നത്‌. സിഎസ്ടി ബ്രദേഴ്സിണ്റ്റെ സേവനം മികവുറ്റതാണ്‌. രൂപതയുടെ വളര്‍ച്ചയില്‍ ഐടിസി പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും ബിഷപ്‌ പറഞ്ഞു. ഒരു വര്‍ഷമായി നടന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ടിഎസ്ടി സഭാ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഡോ. വര്‍ക്കീസ്‌ മഞ്ഞളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബ്രദര്‍ സജി തയ്യില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സേവനരംഗത്ത്‌ 25വര്‍ഷം പൂര്‍ത്തിയാക്കിയ ജോളി തോമസിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. സിഎസ്ടി സഭ അസി. ജനറല്‍ ബ്രദര്‍ ജോസഫ്‌ മുണ്ടുമൂഴിക്കര ഉപഹാരസമര്‍പ്പണം നടത്തി. ബ്രദര്‍ ജോര്‍ജിയ അണ്ണാത്തുകുഴിയില്‍, ഫാ. ജോര്‍ജ്‌ മമ്പള്ളില്‍, റവ. ഡോ. തോമസ്‌ ജോസഫ്‌ തേരകം, ബ്രദര്‍ ഫിലിപ്പ്‌ കാരാമക്കുഴി, ഫാ. ജോയി തുരുത്തേല്‍, ഗ്രാമ പഞ്ചായത്തംഗം ചന്തു, എസ്‌എച്ച്‌ നിര്‍മല പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജോണ്‍മേരി, എഫ്സി സി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിത തോമസ്‌, ലിറ്റില്‍ ഫ്ളവര്‍ ഐടിസി ഡയറക്ടര്‍ ബ്രദര്‍ ടോമി ഞാറക്കുളം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ വിദ്യാര്‍ഥികളുടെ കലാപരിപാടികളും രാഗതരംഗ്‌ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു.