Thursday, April 22, 2010

ജീവിത നവീകരണത്തിലേക്ക്‌ തിരിയേണ്ട കാലഘട്ടമായി: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

ജീവിത നവീകരണത്തിലേക്ക്‌ തിരിയേണ്ട കാലഘട്ടമാണിതെന്നും അതിനായി പരിശ്രമം അനിവാര്യമാണെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പുഴ സെണ്റ്റ്‌ തോമസ്‌ ഫൊറോനാ സുവര്‍ണജൂബിലി വാരാഘോഷത്തിണ്റ്റെ ഭാഗമായി നടത്തിയ വൈദിക- സന്യസ്തസംഗമവും ജൂബിലേറിയന്‍സ്‌ ദിനവും എന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതമാണ്‌ നാം നയിക്കേണ്ടത്‌. ഈശോ അരുള്‍ചെയ്ത കാര്യത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോള്‍ മാത്രമാണ്‌ വേദന അനുഭവമാകുന്നത്‌. എന്നാല്‍ വേദനകളെ പുഷ്പങ്ങളാക്കി മാറ്റാന്‍ കഴിയണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഓമന പാപ്പിനിശേരി, സിസ്റ്റര്‍ കാര്‍മല്‍ എന്നിവര്‍ പങ്കെടുത്തു. ജോയി നമ്പുശേരില്‍ സ്വാഗതവും അനു ചെറിയാന്‍ ഉറുമ്പുകുഴി നന്ദിയും പറഞ്ഞു. രാവിലെ വൈദിക- സന്യസ്തസംഗമം നടന്നു. ഫൊറോനാവികാരി ജോസ്‌ പി.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്‌ തുരുത്തിപ്പള്ളി മോഡറേറ്ററായി.തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കുട്ടികളുടെ സംഗമം നടന്നു. ഫാ.സുരേഷ്‌ പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന്‌ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.യേശുവിനു വേണ്ടി അപ്പമായി തീര്‍ന്ന്‌ നമ്മെത്തന്നെ സമര്‍പ്പിച്ച്‌ നമ്മുടെ ജീവിതം ധന്യമാക്കി യേശുവിന്‌ സ്വീകാര്യമായ ബലിയായി ജീവിക്കണമെന്ന്‌ ദിവ്യബലിയര്‍പ്പിച്ച്‌ താമരശേരി രൂപതാ ബിഷപ്‌ മാര്‍. പോള്‍ ചിറ്റിലപ്പിള്ളി ഉദ്ബോധിപ്പിച്ചു.