പ്രവാസ ജീവിതകാലങ്ങളിലും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചുനിന്ന് പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച് മുന്നേറുന്ന വിശ്വാസി സമൂഹം സഭയ്ക്ക് അഭിമാനമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. മസ്ക്കറ്റിലെ റൂവിയില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഒമാണ്റ്റെ നേതൃത്വത്തില്‍ പീറ്റര്‍ ആണ്റ്റ് പോള്‍ പാരീഷ്ഹാളില്‍ ചേര്‍ന്ന അല്‍മായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബേബി മാത്യു അധ്യക്ഷത വഹിച്ചു. എസ്.എം.സി.ഒ പ്രസിഡണ്റ്റ് ഡോ. തോമസ് മംഗലപ്പള്ളി, സെക്രട്ടറി റെജി ചാക്കോ, കെ.ജി. ഫ്രാന്‍സീസ്, കുര്യന്‍ സി. മാത്യു, ഡോ. അലക്സ് പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.ഫാ. സ്കറിയ നെല്ലുവേലി, ഫാ. സെബാസ്റ്റ്യന്‍, ഫാ. റാഫി(സലാല കാത്തലിക് ചര്‍ച്ച്) എന്നിവര്‍ നേതൃത്വം നല്‍കി. മസ്കറ്റിലെ അല്‍മായപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള കര്‍മപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കി.