Saturday, May 29, 2010

സഭ ലോകത്തിണ്റ്റെ ധാര്‍മിക ശക്തിയായി നിലനില്‍ക്കണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

സഭ ലോകത്തിണ്റ്റെ ധാര്‍മിക ശക്തിയായി നില്‍ക്കണമെന്ന്‌ കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. കെസിബിസി മാധ്യമ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ത്രിദിന ദൃശ്യമാധ്യമരചനാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിണ്റ്റെ അധപതനത്തില്‍ വേദനിക്കുന്നവരുടെ മനസിണ്റ്റെ ബഹിര്‍സ്ഫുരണമാണ്‌ കല. ദൈവം നല്‍കിയിരിക്കുന്ന അത്തരം കഴിവുകള്‍ വഴി സമൂഹത്തിണ്റ്റെ ഉന്നമനത്തിന്‌ ശ്രമിക്കണം. ധാര്‍മിക ശക്തിയായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമാണ്‌ സഭയ്ക്കുള്ളത്‌.സഭയുടെ സാമൂഹ്യ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ കലയിലൂടെയും നിര്‍വഹിക്കപ്പെടുന്നുണ്ട്‌. ഉപയോഗിക്കേണ്ട തരത്തില്‍ അത്തരം കഴിവുകള്‍ ഉപയോഗിക്കാന്‍ സമൂഹം തയാറാകണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ആഹ്വാനം ചെയ്തു. കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ്‌ നിക്കോളാസ്‌, പിഒസി ഡയറക്ടര്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍, തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍, തിയേറ്റര്‍ അക്കാദമീഷ്യനായ ടി.എം.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 30-ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും.