Wednesday, May 5, 2010

സാമൂഹിക പ്രവര്‍ത്തകര്‍ മനുഷ്യാവകാശ സംരക്ഷകരാകണം: ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌

സാമൂഹികപ്രവര്‍ത്തകര്‍ മനുഷ്യാവകാശ സംരക്ഷകരാകണമെന്ന്‌ ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌. ശ്രേയസ്‌ ദിനാഘോഷത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.എല്ലാ മതാചാര്യന്‍മാരുടെയും ദര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ്‌ ശ്രേയസിണ്റ്റെ പ്രവര്‍ത്തനമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു.ശ്രേയസ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ്‌ താന്നിക്കാക്കുഴി പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. വികസനമേഖലയിലെ സാധ്യതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഫ. ഫാ. പി.പ്രശാന്ത്‌ സെമിനാര്‍ നയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വത്സ ചാക്കോ ഉദ്ഘാടനം ചെയ്തു.സംരംഭകത്വ വികസനം സംബന്ധിച്ചു ശ്രേയസ്‌ തയാറാക്കിയ പുസ്തകത്തിണ്റ്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഒ.എം ജോര്‍ജ്‌ നിര്‍വഹിച്ചു. സ്ത്രീ തരംഗ്‌, ശ്രേയസ്‌ ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി രണ്ടാം ഘട്ടം, ഹെര്‍ബല്‍ വില്ലേജ്‌, തുടിതാളം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. 2009-10വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശ്രേയസ്‌ മേഖല, യൂണിറ്റ്‌ എന്നിവയ്ക്കും കോസ്‌ മോസ്‌ ക്വിസ്‌ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷപരിപാടികള്‍ക്ക്‌ ഫാ. സെബാസ്റ്റ്യന്‍ എടയത്ത്‌, സെഡ്‌. ഫ്രാന്‍സീസ്‌, പി.ബി ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.