സഭയേയും വിശ്വാസികളെയും ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്നുണ്ടെന്ന് സീറോ മലബാര്‍ സഭാ കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. സീറോമലബാര്‍ സഭാ കാര്യാലയമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ആരംഭിച്ച കാനന്‍ നിയമ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളിലും വിശ്വാസികള്‍ക്കിടയിലും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന പ്രചാരണമാണ് നടക്കുന്നത്. ബോധപൂര്‍വം നടത്തുന്ന ഈ ശ്രമങ്ങള്‍ക്കെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയിലുണ്ടാവേണ്ട കാര്യമാണ് കൂട്ടായ്മകള്‍. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സഭ ഒന്നായിത്തീരേണ്ടുന്ന അവസരമാണിത്. സഭയും സഭാമക്കളും ഒന്നാണെന്ന വൈകാരിക ബോധം ഉണരണം. കൂട്ടായ്മയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നീതിപാലകരായി സഭാകോടതികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭയാനകമായ വിപത്തുകള്‍ ഒളിഞ്ഞിരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പോകുന്ന ദി അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജീസ്(റെഗുലേഷന്‍) ബില്‍-2010.കുടുംബങ്ങളുടെ പരിശുദ്ധിയേയും ഭദ്രതയേയും തകര്‍ക്കുന്ന നിയമമാണിത്. സമൂഹത്തിണ്റ്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ സാമൂഹിക കെട്ടുറപ്പിനെ ബാധിക്കുന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. ആഗ്രഹിക്കുന്ന ആര്‍ക്കും കൃത്രിമമായി കുട്ടികളെ ജനിപ്പിക്കാനും ബീജവും അണ്ഡവും എത്രതവണ വേണമെങ്കിലും വില്‍ക്കാനും അവകാശം നല്‍കുന്ന ബില്ല് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഏതു സമുദായക്കാരനായാലും ഏതു വിശ്വാസിയായാലും പ്രജനനം എന്നതിലൂടെ ദൈവത്തിണ്റ്റെ മഹത്തായ സൃഷ്ടികര്‍മത്തില്‍ പങ്കുചേരുകയെന്ന വിശിഷ്ട ദാനത്തില്‍ പങ്കുകാരാവുകയാണ് ചെയ്യുന്നത്. സൃഷ്ടിയുടെ മഹത്വത്തിന് എതിരായി നില്‍ക്കുന്ന ഇത്തരം നിയമങ്ങള്‍ സമൂഹത്തില്‍ അധാര്‍മികതയിലും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലുമാണ് എത്തിച്ചേരുന്നത്. കുടുംബങ്ങളെ കറയറ്റ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള മഹത്തായ ഉത്തരവാദിത്വമാണ് സഭാകോടതികള്‍ക്കുള്ളത്. നീതിയുക്തമായ ഒരു ജനസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ ആഹ്വാനം ചെയ്തു. ട്രൈബ്യൂണല്‍ പ്രസിഡണ്റ്റ് ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, റവ. ഡോ. സാജു കുത്തോടി പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.