Monday, June 14, 2010

സാംസ്ക്കാരികരംഗം ചില പ്രത്യയശാസ്ത്രക്കാരുടെപിടിയില്‍: മാര്‍ ജോസഫ്‌ പവ്വത്തില്‍

കേരളത്തിലെ സാംസ്ക്കാരികരംഗം ചില പ്രത്യയ ശാസ്ത്രങ്ങളെ മാത്രം പിന്തുടരുന്നവരുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ 91-ാം വാര്‍ഷികസമ്മേളനസമാപനത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളകോണ്‍ഗ്രസ്സുകളുടെ ലയനത്തിണ്റ്റെ പേരില്‍ സഭാമേലദ്ധ്യക്ഷന്‍മാരെ വിഭജിച്ച്‌ സഭയെ ബലഹീനമാക്കാനുളള ശ്രമമാണ്‌ ചിലര്‍ നടത്തിയത്‌. വിദ്യാഭ്യാസമേഖലയിലടക്കമുളള പ്രശ്നങ്ങളില്‍ സഭയുടെ അവകാശങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ കൈകടത്തി സഭയെ കരിതേച്ചുകാണിക്കാനാണ്‌ ശ്രമിക്കുന്നത്‌. കത്തോലിക്കാസഭയ്ക്ക്‌ വര്‍ഗ്ഗീയതയുണ്ടെന്ന്‌ ഒരു രാഷ്ട്രീയകക്ഷി മാത്രമേ പറയൂ. സമൂഹത്തില്‍ ഇതിനെതിരെ ചിന്തകള്‍ അവതരിപ്പിക്കണമെന്നും നിസംഗത മാറ്റി സമാധാനത്തിണ്റ്റെ വഴിയേ ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗസമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടി സംരക്ഷിക്കാനുമായി വര്‍ഗീയത ആയുധമാക്കുന്നുവെന്ന്‌ അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സഭാദ്ധ്യക്ഷന്‍മാരെ അവഹേളിക്കുന്നവര്‍ ഏതു രാഷ്ട്രീയമുന്നണിയില്‍പെട്ടവരാണെങ്കിലും സഭാസമൂഹം ശക്തമായി എതിര്‍ക്കും. ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുളള നിയമപരിഷ്കരണകമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന നിയമ പരിഷ്കരണ നിര്‍ദ്ദേശങ്ങളിലെ ക്രൈസ്തവവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരും. സംവരണങ്ങള്‍ ഒരിക്കലും സ്ഥിര സംവിധാനമാവരുത്‌, താല്‍ക്കാലിക ആശ്വാസമായിരിക്കണം. പിന്നോക്ക സമുദായസംവരണങ്ങള്‍ ആറു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ അതിന്‍രെ ഗുണഭോക്തവിഭാഗങ്ങള്‍ ഒരുപരിധി വരെ സമതുലനം കൈവരിച്ചിട്ടുണ്ട്‌ എന്ന കണ്ടെത്തല്‍ ഗൌരവപരമായി കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എകെസിസി സംസ്ഥാന പ്രസിഡണ്റ്റ്‌ എ. ഡി ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മാര്‍ മാത്യൂ അറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ്‌ കെ മാണി എം പി, പി.ജെ ജോസഫ്‌ എം എല്‍ എ, അല്‍ഫോന്‍സ്‌ കണ്ണന്താനം എം എല്‍ എ, ,റവ ഡോ. ആണ്റ്റണി നിരപ്പേല്‍, എകെസിസി വൈസ്‌ പ്രസിഡണ്റ്റ്‌ കെ.കെജോണ്‍, സെക്രട്ടറി ടോമി തുരുത്തിക്കര, ട്രഷറര്‍ ബിജു പറയനിലം, ജോസുകുട്ടി ഒഴുകയില്‍, വിസി സെബാസ്റ്റ്യന്‍, ജോസ്‌ കൊച്ചുപുര, ഫാ. അലക്സാണ്ടര്‍ പൈകട, പ്രൊഫ.വി.ജെ പാപ്പു, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. എകെസിസി അവാര്‍ഡുകളുടെ വിതരണവും നടന്നു. പ്രതിനിധി സമ്മേളനം എകെസിസി സംസ്ഥാന പ്രസിഡണ്റ്റ്‌ എം ഡി ജോസഫ്‌ മണ്ണിപ്പറമ്പിലിണ്റ്റെ അധ്യക്ഷതയില്‍ ഫാ. ജോണ്‍ കുറിച്ചിയാനി ഉദ്ഘാടനം ചെയ്തു. സാസ്ക്കാരിക സമ്മേളനം എകെസിസി കലാ, സാംസ്ക്കാരിക കമ്മീഷന്‍ ചെയര്‍മാന്‍ ബേബിച്ചന്‍ ഏര്‍ത്തയിലിണ്റ്റെ അധ്യക്ഷതയില്‍ എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യൂ പായിക്കാട്ട്‌ ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാസ്‌ കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി.