കോട്ടയം സിഎംഎസ് കോളജിലെ എസ്‌എഫ്‌ഐ അഴിഞ്ഞാട്ടം വ്യാപകപ്രതിഷേധത്തിനു വഴിവച്ചതോടെ സംഭവത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളുമായി ഇടതുകേന്ദ്രങ്ങള്‍ രംഗത്ത്. താമരശേരി രൂപത ബിഷപ്പിണ്റ്റെ സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാനാണ് ശ്രമം. സര്‍ക്കുലര്‍ പുറത്തുവന്നു രണ്ടാഴ്ചകള്‍ക്കുശേഷം വിവാദമാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എസ്‌എഫ്‌ഐക്കെതിരേ ഉയരുന്ന പ്രതിഷേധത്തിനു തടയിടാനാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. താമരശേരി രൂപതയുടെ ഒദ്യോഗിക ബുള്ളറ്റിനായ താമരമൊട്ടുകളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറാണ് ചില ചാനലുകളുടെ പിന്തുണയോടെ ഇടതുകേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു വര്‍ഗീയ പരാമര്‍ശങ്ങളുണ്ടെന്നു പ്രചരിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കുലര്‍ ഒരുവട്ടമെങ്കിലും പൂര്‍ണമായി വായിച്ചിട്ടുള്ള ആര്‍ക്കും ഇതില്‍ അത്തരം യാതൊരു പരാമര്‍ശങ്ങളും കണ്ടെത്താനാവില്ല. എന്നിട്ടും ഈ ശ്രമം നടക്കുന്നതു സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്നു സംശയിക്കുന്നതായി താമരശേരി രൂപതാ വക്താവ് ഫാ.ജെയിംസ് കുഴിമറ്റം പ്രതികരിച്ചു. വിവിധ സമുദായങ്ങള്‍ സഹോദരങ്ങളെപ്പോലെ കഴിയുന്ന കേരളത്തില്‍ ഇല്ലാക്കഥകളിറക്കി പരസ്പരം തമ്മിലടിപ്പിച്ചു ലാഭം കൊയ്യാനുള്ള ശ്രമം വിലപ്പോവില്ല. രാഷ്്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി രൂപതാധ്യക്ഷനെ ഈ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി പാഠ്യപദ്ധതിയിലൂടെയും മറ്റും സര്‍ക്കാര്‍ നടത്തിവരുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങളെ വിമര്‍ശിക്കുക, സ്കൂളുകളിലാകെ മതവിദ്വേഷവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതിനെതിരേ കരുതിയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് സര്‍ക്കുലറിലൂടെ ബിഷപ് മുന്നോട്ടു വച്ചത്. മാതാപിതാക്കളേയും ഗുരുജനങ്ങളേയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിണ്റ്റെ സംസ്കാരത്തില്‍, ദൈവനിഷേധത്തിണ്റ്റേയും മതനിന്ദയുടേയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്നു തുടങ്ങിയ ചോദ്യങ്ങളാണ് സര്‍ക്കലറിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതിലൊന്നും ഏതെങ്കിലും ഒരു രാഷ്്ട്രീയ പാര്‍ട്ടിയുടേയോ സംഘടനകളുടെയോ പേരെടുത്തു പറഞ്ഞിട്ടില്ല. ഏതെങ്കിലും രാഷ്്ട്രീയ പാര്‍ട്ടിയുടെ പേരു പറഞ്ഞ് അതില്‍ അംഗമാകരുതെന്നു നിര്‍ദേശിച്ചിട്ടില്ലെന്നും ഫാ.ജെയിംസ് കുഴിമറ്റം കൂട്ടിച്ചേര്‍ത്തു.